ഹരാരെ : മലയാളികളുടെ സ്വന്തം സഞ്ചു വി സാംസണ്‍ സിംബാവെയ്‌ക്കെതിരെ ഇന്നു നടക്കുന്ന ആദ്യ 20-20 മത്സരത്തില്‍ ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ തിളങ്ങുമെന്ന പ്രതീക്ഷയിലാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍. സിംബാവെയ്‌ക്കെതിരായ് ഏകദിന പരമ്പര ഇന്ത്യ നേരത്തേ തൂത്തുവാരി മേധാവിത്വം ഉറപ്പിച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ അമ്പാട്ടി റായിഡുവിനു പരിക്കു പറ്റിയത്. മത്സരത്തില്‍ നിന്നും പിന്‍മാറി വ്ിശ്രമിച്ചുകൊള്ളാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദ്ദേശിച്ചപ്പോള്‍ ആ സ്ഥാനത്തേക്ക് നറുക്കു വീണത് മലയാളികളുടെ സ്വന്തം സഞ്ചു സാംസണായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും സാമര്‍ത്ഥ്യത്തോടെ കളിച്ച സാംസണ്‍ തുടക്കത്തിലെ തന്നെ ക്രിക്കറ്റ് പ്രേമികളുടേയും താരങ്ങളുടേയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. അന്നു മുതല്‍ ഓരോ മലയാളിയും സ്വപ്‌നം കാണ്ടിരുന്നതാണ് സഞ്ചുവിന്റെ ഇന്ത്യന്‍ ദേശീയ ടീമിലേക്കുള്ള കടന്നു വരവ്. ഇന്ന് ഇന്ത്യന്‍ സമയം 4.30 നു തുടങ്ങുന്ന ആദ്യ 20-20 യില്‍ സഞ്ചു കളിച്ചേക്കുമെന്നാണ് സൂചന.
പരമ്പ തൂത്തുവാരിയ ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് സിംബാവെയെ 20-20 മത്സരത്തില്‍ഡ നേരിടാന്‍ പോകുന്നത്. എന്നാല്‍ ഏകദിനത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സിംബാവെയെ എഴുതി തള്ളാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചുകൊണ്ട് യുവ നിരയെയാണ് സിംബാവെയ്‌ക്കെതിരെയായ മത്സരത്തില്‍ ഇന്ത്യ അയച്ചിരിക്കുന്നത്. ഐപിഎല്ലില്‍ തിളങ്ങി നിന്ന താരങ്ങളാണ് ഇവരില്‍ പലരും. സഞ്ചു ഇന്ന് കളത്തിലിറങ്ങിയാല്‍ ഇന്ത്യന്‍ കുപ്പായം ധരിക്കുന്ന മൂന്നാമത്തെ മലയാളിയാകും സഞ്ചു. ടിനു യോഹന്നാന്‍, ശ്രീശാന്ത് എന്നിവരാണ് ഇതിനു മുന്‍പ് ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുള്ളത്. ശ്രീശാന്തിന്റെ വിലക്കിനെ സംബന്ധിച്ച കേസിന്റെ വിധി അടുത്ത ദിവസം ഉണ്ടാകും.