ഡബ്ലിന്‍: ഐറിഷ് കവി ഡബ്ല്യൂ യീറ്റ്‌സിന്റെ ഭൗതീകാവശിഷ്ടങ്ങള്‍ക്കു പകരം സ്ലൈഗോയില്‍ സംസ്‌കരിച്ചത് അഞ്ജാതന്റെ മൃതദേഹമെന്ന് സ്ഥിരീകരിച്ചു. സ്ലൈഗോയിലേക്കയച്ച ഭൗതീകാവശിഷ്ടങ്ങള്‍ കവിയുടേതല്ലെന്ന ഫ്രഞ്ചു രേഖകളാണ് പുറത്തു വിട്ടത്.
1939 ല്‍ ഫ്രാന്‍സില്‍ വെച്ചാണ് കവി മരണപ്പെട്ടത്. എന്നാല്‍ 1948 ലാണ് അദ്ദേഹത്തിന്റെ സ്വന്തം നഗരമായ സ്ലൈഗോയില്‍ സംസ്‌കരിക്കുന്നതിനായി ഭൗതീകാവശിഷ്ടങ്ങള്‍ കൊണ്ടു വന്നത്. ഫ്രാന്‍സില്‍ യീറ്റ്‌സിന്റെ മൃതദേഹം സംസ്‌കരിച്ചതിനു ശേഷമായിരുന്നു രണ്ടാം മഹായുദ്ധം സെമിത്തേരി അടക്കം നശിപ്പിച്ചത്. ഇത്തരത്തില്‍ യീസ്റ്റിസിന്റെ ഭൗതീകാവശിഷ്ടങ്ങള്‍ മാറിപ്പോയതായാണ് വിലയിരുത്തുന്നത്.
യീറ്റ്‌സ് മരിക്കുന്നതിനു മുമ്പ് മരണപ്പെട്ട ആരുടേയോ മൃതദേഹമാണ് അയര്‍ലണ്ടിലേക്ക് അയച്ചത്. യീറ്റ്‌സ് മരിച്ചതിന്റെ അടുത്ത ദിവസം തന്നെ ആല്‍ഫ്രഡ് ഹോളിസ് എന്ന ഇംഗ്ലീഷുകാരനും മരിച്ചിരുന്നതായും കണക്കുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യീറ്റ്‌സിന്റെ ഭൗതീകാവശിഷ്ടങ്ങള്‍ അയര്‍ലണ്ടിലേക്ക് എത്തിച്ചപ്പോള്‍ മുതല്‍ ഉണ്ടായിരുന്ന സംശയങ്ങള്‍ക്കാണ് ഇതോടെ തിരശ്ശീല വീഴുന്നത്. യീറ്റ്‌സിന്റേത് അസാധാരണ വലിപ്പമുള്ള അസ്ഥികളായിരുന്നുവെന്നും തല്‍സ്ഥാനത്ത് മറ്റാരുടേതോ ആയ അസ്ഥികളാണ് അയച്ചതെന്നും അന്നു തന്നെ കുടുംബാംഗങ്ങള്‍ക്കൊപ്പം സുഹൃത്തുകളും ആരോപിച്ചിരുന്നു.
എന്തു തന്നെയായാലും യീറ്റ്‌സ് എന്ന ഐറിഷിന്റെ സ്വന്തം കവി ഫ്രാന്‍സിലെവിടെയോ അന്ത്യവിശ്രമം കൊള്ളുകയാണ്.
എഎസ്