സിംബാബ്‌വെയില്‍ സഞ്ജു അരങ്ങേറിയ മത്സരത്തില്‍ ഇന്ത്യക്ക് 146 റണ്‍സ് വിജയലക്ഷ്യം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ മലയാളി താരം സഞ്ജു വി സാംസണ്‍ അരങ്ങേറിയ മത്സരത്തില്‍ സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യക്ക് 146 റണ്‍സ് വിജയലക്ഷ്യം. ആദ്യം മത്സരം ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിന് ഇറങ്ങിയപ്പോള്‍ ഹര്‍ഭജന്‍ സിംഗിന് പകരക്കാരനായിട്ടാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സിംബാബ്‌വെ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് 145 റണ്‍സ് നേടിയത്. സിംബാബ്‌വെയ്ക്ക് വേണ്ടി ചമു ചിബാബ 67 റണ്‍സ് നേടി പുറത്തായി. സിംബാബ്‌വെയുടെ ഏകദിന ക്യാപ്റ്റന്‍ കൂടിയായ ചിബാബയാണ് ടീമിലെ ടോപ് സ്‌കോറര്‍. ചിബാബയെ കൂടാതെ രണ്ടക്കം കടന്നത് ഓപ്പണിംഗ് ബാറ്റ്‌സ്മാനായ മസാകഡ്‌സെയും മധ്യനിരക്കാരനായ വില്യംസും മാത്രമാണ്.
ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ്മ എന്നിവര് രണ്ട് വിക്കറ്റും സന്ദീപ് ശര്‍മ്മ, സ്റ്റുവര്‍ട്ട് ബിന്നി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
സിംബാബ്‌വെക്കെതിരായ അവസാന ട്വന്റി-20 മത്സരത്തിലാണ് സഞ്ജുവിന്റെ അരങ്ങേറ്റം. ഇന്ത്യക്കായി കളിക്കുന്ന നാലാമത്തെ മലയാളി താരമാണ് സഞ്ജു. സഞ്ജുവിന് മുമ്പ് എബി കുരുവിള, ടിനു യോഹന്നാന്‍, എസ്. ശ്രീശാന്ത് എന്നി മലയാളി താരങ്ങളും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 20-ാം വയസ്സിലാണ് സഞ്ജു ദേശീയ ടീമില്‍ അരങ്ങേറുന്നത്. ദേശീയ ടീമില്‍ കളിക്കുന്ന നാലാമത്തെ മലയാളി താരമായ സഞ്ജു കേരളത്തില്‍ നിന്നുള്ള ആദ്യ ബാറ്റ്‌സ്മാനുമാണ്. നേരത്തേ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലും സഞ്ജുവിനു സ്ഥാനം ലഭിച്ചിരുന്നെങ്കിലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.
പരിക്കേറ്റ അമ്പാട്ടി റായിഡുവിനു പകരക്കാരനായാണു ബിസിസിഐ സഞ്ജുവിനെ സിംബാബ്‌വെക്കെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇത്തവണ പ്രമുഖര്‍ക്കെല്ലാം വിശ്രമം നല്കിയാണ് ഇന്ത്യ സിംബാബ്‌വെയിലേക്കു ടീമിനെ അയച്ചത്. സ്‌പെഷലിസ്റ്റ് വിക്കറ്റ് കീപ്പറെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഏകദിന പരമ്പരയിലും ആദ്യ ട്വന്റി-20 യിലും റോബിന്‍ ഉത്തപ്പയാണു ഗ്ലൗസണിഞ്ഞത്. ഉത്തപ്പയുടെ പ്രകടനം മോശമായതും സ്‌പെഷലിസ്റ്റ് വിക്കറ്റ് കീപ്പറായ സഞ്ജുവിനു ടീമിലേക്കുള്ള വഴി തുറക്കാന്‍ കാരണമായി.