ഡല്‍ഹിയില്‍ 15 കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആള്‍ അറസ്റ്റില്‍

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാവാത്ത 15 കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആള്‍ പോലീസ് പിടിയില്‍. നോയിഡയില്‍നിന്നുള്ള ബസ് ഡ്രൈവര്‍ രവീന്ദ്ര കുമാര്‍ (24) ആണ് അറസ്റ്റിലായത്. ആറുവയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായപ്പോഴാണ് പരമ്പര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കഴിഞ്ഞ 15ന് ആണ് ഇയാള്‍ അറസ്റ്റിലായത്.

കുട്ടികള്‍ക്കു മിഠായിയോ പണമോ നല്‍കി വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു പതിവെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. പീഡനത്തിനു ശേഷം കുട്ടികളെ കൊലപ്പെടുത്തി അഴുക്കുചാലുകളിലോ വയലിലോ ഉപേക്ഷിക്കുമെന്നും ഇയാള്‍ പറഞ്ഞു. ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് ബംഗാപുര്‍, കഞ്ച്‌വാല, സമദ്പുര്‍, ബദ്‌ലി, വിജയ്‌വിഹാര്‍ എന്നിവിടങ്ങളിലെ ആറു കുട്ടികളുടെ തിരോധാനത്തിലെ ഇയാളുടെ പങ്ക് തെളിഞ്ഞിട്ടുണ്ട്. നേരത്തേ ആറു വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു.

ആറു വയസുകാരിയുടെ മൃതദേഹത്തിനരികില്‍നിന്ന് ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചതാണ് ഇപ്പോള്‍ അറസ്റ്റിലാകാന്‍ കാരണമായത്. രാത്രിയില്‍ പ്രാഥമികകൃത്യത്തിനു പുറത്തുപോയ പെണ്‍കുട്ടി പിന്നീട് മടങ്ങിവന്നില്ല. ഇതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ തിരച്ചിലിലാണു പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Share this news

Leave a Reply

%d bloggers like this: