ജിഹാദികള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തില്‍; ഭീഷണിയില്ലെന്ന് വിദേശകാര്യ മന്ത്രി

ഡബ്ലിന്‍: സംശയത്തിന്റെ നിഴലില്‍ നിരവധി ജിഹാദികള്‍ അയര്‍ലന്‍ഡിലുണ്ടെന്നും ഇവരെല്ലാം സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണെന്നും വിദേശകാര്യ മന്ത്രി ചാര്‍ളി ഫഌനഗന്‍. ഇത്തരം ആളുകളെക്കുറിച്ചുള്ള വിശദമായ രേഖകള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. എന്നാല്‍ എത്രപേര്‍ ഉണ്ടെന്ന് മന്ത്രി വെളിപ്പെടുത്തിയില്ല. ഒരു ഭീകരാക്രമണത്തിനുള്ള സാധ്യത അയര്‍ലന്‍ഡില്‍ കുറവാണെന്നും മന്ത്രി പറഞ്ഞു. എങ്കിലും സദാ ജാഗ്രത പാലിക്കേണ്ടതുണ്ട്.

വര്‍ഗീയ ശക്തികളെ അടിച്ചമര്‍ത്തുന്നതിനും മതതീവ്രവാദികളുടെ പ്രവര്‍ത്തനം തടയുന്നതിനുമാവശ്യമായ നടപടികള്‍ സ്വീകരിക്കണം. തീവ്രവാദത്തിനെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രിസ്മസിനു മുന്‍പ് പുതിയ ചാര്‍ജുകള്‍ അവതരിപ്പിക്കും. തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന സമുദായങ്ങളുമായി കൂടുതല്‍ സൗഹാര്‍ദ്ദപരമായി പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ഫഌനഗന്‍. ഭീകരാക്രമണ ഭീഷണിക്കെതിരേ എല്ലാ പിന്തുണയും ട്യൂണീഷ്യക്ക് നല്‍കാന്‍ യോഗം തീരുമാനിച്ചു. ജനാധിപത്യ ഭരണത്തിലേക്ക് മാറിയ ട്യൂണീഷ്യയില്‍ സൂസി റിസോര്‍ട്ടിലുണ്ടായ ഭീകരാക്രമണത്തില്‍ 38 ടൂറിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ബ്രിട്ടനില്‍ നിന്നുള്ളവരായിരുന്നു അതിലധികവും. നേരത്തേ മാര്‍ച്ചില്‍ ബാര്‍ഡോ മ്യൂസിയത്തില്‍ നടന്ന അക്രമത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്.

-എജെ-

Share this news

Leave a Reply

%d bloggers like this: