കൊച്ചിയിലെത്തിയ ശ്രീശാന്തിന് ഉജ്ജ്വല സ്വീകരണം,വിലക്ക് ഉടന്‍ നീക്കിലെന്ന് ബിസിസിഐ

 

കൊച്ചി: ഐപിഎല്‍ വാതുവയ്പ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട മലയാളി താരം ശ്രീശാന്ത് കൊച്ചിയിലെത്തി. രാവിലെ 9.30ന് ശ്രീശാന്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശ്രീശാന്തിന് സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. ജീവന്‍ തിരിച്ചുകിട്ടിയ അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കളിയിലേക്ക് ഉടന്‍ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീശാന്ത് പറഞ്ഞു. നിരവധി ആരാധകര്‍ ശ്രീശാന്തിനെ സ്വീകരിക്കാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു. ശ്രീശാന്തിന് അമ്മയും അച്ഛനും ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ ചേര്‍ന്ന് വികാരനിര്‍ഭരമായ വരവേല്‍പ്പാണ് നല്‍കിയത്.

ഐപിഎല്‍ വാതുവെപ്പ് കേസില്‍ കഴിഞ്ഞദിവസം ഡല്‍ഹിയിലെ പ്രത്യേക കോടതിയാണ് ശ്രീശാന്ത് ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയത്. ശ്രീശാന്തിനെതിരെ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി റദ്ദാക്കുകയും ചെയ്തു. ദില്ലി സബ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് നീന ബന്‍സാല്‍ കൃഷ്ണയാണ് ഐപിഎല്‍ കേസില്‍ വിധി പ്രസ്താവിച്ചത്. ഇതോടെ ശ്രീശാന്തിനു സജീവ ക്രിക്കറ്റിലേക്കു തിരിച്ചുവരാനാകും. ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍, ബിസിസിഐയോട് ആവശ്യപ്പെട്ടുകഴിഞ്ഞു. അതേസമയം കോടതി വിധി ഡല്‍ഹി പൊലീസിനു കനത്ത തിരിച്ചടിയായിരിക്കുകയാണ്.

പോലീസ് നല്‍കിയ തെളിവുകള്‍ അപര്യാപ്തമാണെന്ന് വ്യക്തമാക്കിയ കോടതി ഐ.പി.എല്‍ വാതുവെപ്പ് കേസ് നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി. ശ്രീശാന്തിനൊപ്പം പ്രതിചേര്‍ക്കപ്പെട്ട എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ (മക്കോക്ക) വകുപ്പുകളും വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളുമാണ് ശ്രീശാന്തിനുമേല്‍ ചുമത്തിയിരുന്നത്.

അതേസമയം കോടതി കുറ്റവിമുക്തരാക്കിയ ശ്രീശാന്ത് ഉള്‍പ്പെടയുള്ള മൂന്ന് താരങ്ങളുടേയും വിലക്ക് ഉടന്‍ നീക്കിലെന്ന് ബിസിസിഐ അറിയിച്ചു. അഴിമതി വിരുദ്ധ വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് താരങ്ങള്‍ക്കെതിരേയും വിലക്ക് ഏര്‍പ്പെടുത്തിയത്. കേസിന്റേയോ ക്രിമിനല്‍ നടപടിയുടേയോ അടിസ്ഥാനത്തില്‍ വിലക്ക് ഉടന്‍ നീക്കാനാകില്ലെന്നും ബിസിസിഐ വ്യക്തമാക്കി.
-എജെ-

Share this news

Leave a Reply

%d bloggers like this: