ചൈനയില്‍ വിമാനം പറന്ന് കൊണ്ടിരിക്കെ യാത്രികന്‍ തീ കൊളുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ബെയ്ജിങ്: വിമാനത്തില്‍ നാടകീയ സംഭവങ്ങള്‍. പറന്നുകൊണ്ടിരിക്കുന്നതിനിടെ തീകൊളുത്തി ഭീകരാന്തരീഷം സൃഷ്ടിച്ച യാത്രക്കാരനെ സഹയാത്രികര്‍ കീഴടക്കി. ചൈനയിലെ തായ്ചൗവില്‍ നിന്ന് ഗുവാങ്ചൗവിലേക്കുള്ള വിമാനത്തിലാണ് യാത്രക്കാരന്‍ അപകടകാരിയായത്. സംഭവം നടക്കുമ്പോള്‍ 95 യാത്രക്കാരും ഒന്‍പത് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ഭീകരബന്ധമൊന്നുമില്ലെന്ന് ചൈനീസ് മാധ്യമങ്ങള്‍ വ്യക്തമാക്കി.

വിമാനം ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെ ഒരു യാത്രക്കാരന്‍ തീകൊളുത്തിയ ശേഷം കത്തിവീശി കാട്ടി ഭീകരാന്തരീഷം സൃഷ്ടിക്കുകയായിരുന്നു. എന്നാല്‍ ജീവനക്കാരുടെയും മറ്റ് ജീവനക്കാരുടെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വിമാനവും മറ്റു യാത്രികരും രക്ഷപെട്ടു. പക്ഷെ ഇയാള്‍ ഇരുന്നിരുന്ന സീറ്റും എമര്‍ജന്‍സി ഡോറും ഭാഗികമായി കത്തി നശിച്ചു.

ഞായര്‍ പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവങ്ങള്‍ അരങ്ങേറുന്നത്. അക്രമിയുമായുള്ള പിടിവലിക്കിടെ രണ്ട് യാത്രക്കാര്‍ക്കു പരുക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, അക്രമി പെട്രോളും ലൈറ്ററും വിമാനത്തിനുള്ളില്‍ കയറ്റിയിരുന്നുവെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിനു പിന്നിലെ കാരണമെന്തെന്നു വ്യക്തമായിട്ടില്ല. സിഗരറ്റ് ലൈറ്ററുകളും തീപിടിക്കുന്ന വസ്തുക്കളും വിമാനത്തിനുള്ളില്‍ കയറ്റുന്നത് ചൈനയില്‍ വിലക്കിയിട്ടുണ്ട്.  തായ്ചൗ വിമാനത്താവളത്തിലെ സുരക്ഷപാളിച്ചയിലേക്കാണ് സംഭവം വിരല്‍ചൂണ്ടുന്നത്.

Share this news

Leave a Reply

%d bloggers like this: