യു.കെയോട് കൊമ്പുകോർത്ത് അയർലണ്ട്; വിവാദമായ ‘റുവാൻഡ ധാരണ’ എന്ത്?

അനധികൃത കുടിയേറ്റം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യു.കെ കഴിഞ്ഞയാഴ്ച പാസാക്കിയ റുവാന്‍ഡ ഡീപ്പോര്‍ട്ടേഷന്‍ നിയമവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടിന്റെ വിയോജിപ്പ് ശക്തമായി അറിയിച്ചുകൊണ്ട് ഐറിഷ് സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുകയാണ്. നിയമം പാസായതോടെ യു.കെയിലെ അനധികൃത കുടിയേറ്റക്കാര്‍ വടക്കന്‍ അയര്‍ലണ്ട് അതിര്‍ത്തി കടന്ന് അയര്‍ലണ്ടിലേയ്ക്ക് എത്തുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ പരിഹാരം വേണമെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ മുതലായവര്‍ യു.കെ അധികൃതരോടെ ആവശ്യപ്പെട്ടിട്ടുണ്ട്. അയർലണ്ട്- യു.കെ ബന്ധത്തെ തന്നെ ബാധിക്കുന്ന വിഷയം ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച ചെയ്യാനിരിക്കുകയുമാണ്.

എന്താണ് വിവാദമായ റുവാന്‍ഡ പദ്ധതി?

ഏതൊരു രാജ്യത്ത് നിന്നും 2022 ജനുവരി 1-ന് ശേഷം യു.കെയിലേയ്ക്ക് അനധികൃതമായി പ്രവേശിക്കുന്ന അഭയാര്‍ത്ഥികളെ (ഫ്രാന്‍സ് പോലെ സുരക്ഷിത പട്ടികയില്‍ പെടുന്ന രാജ്യങ്ങളില്‍ നിന്നടക്കം) പ്രത്യേക ധാരണ പ്രകാരം ആഫ്രിക്കന്‍ രാജ്യമായ റുവാന്‍ഡയിലേയ്ക്ക് പറഞ്ഞയയ്ക്കുന്ന പദ്ധതിയെയാണ് ‘റുവാന്‍ഡ പദ്ധതി’ അല്ലെങ്കില്‍ ‘റുവാന്‍ഡ ധാരണ’ എന്ന് പറയുന്നത്.

അവരുടെ അഭയാര്‍ത്ഥിത്വ അപേക്ഷകളും റുവാന്‍ഡയില്‍ തന്നെയാണ് കൈകാര്യം ചെയ്യപ്പെടുക. അപേക്ഷ സ്വീകരിക്കപ്പെട്ടാല്‍ മധ്യ-കിഴക്കന്‍ രാജ്യമായ റുവാന്‍ഡയില്‍ അവര്‍ക്ക് നിയമപരമായി അഭയം നല്‍കി പുരധിവസിപ്പിക്കുകയും ചെയ്യും. യു.കെയും റുവാന്‍ഡയും തമ്മിലുള്ള പ്രത്യേക ധാരണപ്രകാരമാണിത്. പകരമായി യു.കെ സാമ്പത്തിക സഹായമടക്കമുള്ളവ റുവാന്‍ഡയ്ക്ക് നല്‍കും.

അഥവാ അപേക്ഷ നിരസിക്കപ്പെട്ടാല്‍ മറ്റ് നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ റുവാന്‍ഡയില്‍ തന്നെ താമസിക്കാൻ അപേക്ഷ നൽകുകയോ, അതുമല്ലെങ്കില്‍ മറ്റേതെങ്കിലും സുരക്ഷിതമായ രാജ്യത്ത് (യു.കെ ഒഴികെ) അഭയത്തിനായി അപേക്ഷിക്കുകയോ ചെയ്യാം.

ഇംഗ്ലിഷ് ചാനല്‍ വഴി ചെറു ബോട്ടുകളിലും മറ്റുമായി യു.കെയിലേയ്ക്ക് അനധികൃതമായി നടക്കുന്ന കുടിയേറ്റം തടയുകയാണ് നിയമത്തിന്റെ ലക്ഷ്യം.

റുവാൻഡ നിയമത്തിന്റെ നാൾവഴികൾ

2022 ഏപ്രില്‍ മാസത്തില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സണ്‍ ആണ് ഈ ബില്‍ ആദ്യമായി അവതരിപ്പിച്ചത്. എന്നാല്‍ അന്നത് പ്രാവര്‍ത്തികമായില്ല. പിന്നീട് ജോണ്‍സണ്‍ രാജിവയ്ക്കുകയും ചെയ്തു.

അഞ്ച് മാസം മുമ്പ് ഈ ബില്‍ നിയമവിരുദ്ധമാണെന്ന് യു.കെ സുപ്രീം കോടതി പറഞ്ഞിരുന്നു. റുവാന്‍ഡ ഒരു സുരക്ഷിത രാജ്യമല്ലെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നത്. അവിടെ എത്തിക്കുന്ന അഭയാർത്ഥികളുടെ അപേക്ഷകൾ കൃത്യമായി കൈകാര്യം ചെയ്യപ്പെട്ടേക്കില്ലെന്നും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ബില്ലില്‍ മാറ്റം വരുത്തുന്നതിന് പകരം റുവാന്‍ഡ സുരക്ഷിത രാജ്യമാണെന്ന് നിയമം പാസാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ ഇതിനെ മറികടന്നത്. തുടര്‍ന്ന് കഴിഞ്ഞയാഴ്ച ബില്‍ യു.കെ പാര്‍ലമെന്റ് പാസാക്കുകയും, പിന്നാലെ രാജകുടുംബ അനുമതി കൂടിലഭിക്കുകയും ചെയ്തതോടെ ബില്‍ നിയമമാകുകയും ചെയ്തു.

അഭയാര്‍ത്ഥികളെയും വഹിച്ചുള്ള ആദ്യ വിമാനം 10-12 ആഴ്ചകള്‍ക്കുള്ളില്‍ റുവാന്‍ഡയിലേയ്ക്ക് പറക്കുമെന്നാണ് കരുതപ്പെടുന്നത്. എത്ര അഭയാര്‍ത്ഥികളെ പദ്ധതി പ്രകാരം റുവാന്‍ഡയില്‍ എത്തിക്കും എന്ന കാര്യത്തില്‍ കൃത്യമായ കണക്കൊന്നും ഇല്ലെങ്കിലും, 52,000 പേര്‍ വരെ ആയേക്കാമെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അയര്‍ലണ്ട് റുവാന്‍ഡ നിയമത്തെ എതിര്‍ക്കുന്നത് എന്തിന്?

റുവാന്‍ഡ നിയമത്തെ ഭയക്കുന്ന യു.കെയിലെ അനധികൃത കുടിയേറ്റക്കാര്‍, യു.കെയുടെ ഭാഗമായ വടക്കന്‍ അയര്‍ലണ്ടിന്റെ അതിര്‍ത്തി കടന്ന് ഐറിഷ് റിപ്പബ്ലിക്കിലേയ്ക്ക് എത്തുകയാണ്. ഇതാണ് നിയമത്തെ അയര്‍ലണ്ട് എതിര്‍ക്കാനും, ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ യു.കെയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനും കാരണമായിരിക്കുന്നത്.

ഏതാനും മാസങ്ങള്‍ക്കിടെ വടക്കന്‍ അയര്‍ലണ്ട് വഴി ഇവിടേയ്ക്ക് എത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ 80% വര്‍ദ്ധനയുണ്ടായതായാണ് ഐറിഷ് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ പറയുന്നത്.

അതേസമയം വടക്കന്‍ അയര്‍ലണ്ടില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് അഭയാര്‍ത്ഥികള്‍ കൂടുതലായി എത്തുന്നു എന്നതിന് അര്‍ത്ഥം, റുവാന്‍ഡ പദ്ധതി ലക്ഷ്യം കാണാന്‍ ആരംഭിച്ചിരിക്കുന്നു എന്നാണെന്നാണ് യു.കെ പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രതികരണം.

ഇതിനെതിരെ ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. കുടിയേറ്റവുമായി ബന്ധപ്പെട്ട് മറ്റുള്ളവര്‍ നേരിടുന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ അയര്‍ലണ്ട് തയ്യാറല്ലെന്ന് വ്യക്തമാക്കിയ ഹാരിസ്, ഇത്തരത്തില്‍ ഇവിടേയ്ക്ക് എത്തുന്ന അഭയാര്‍ത്ഥികളെ യു.കെയിലേയ്ക്ക് തന്നെ മടക്കി അയയ്ക്കാന്‍ പുതിയ നിയമം കൊണ്ടുവരാന്‍ ഐറിഷ് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

അഭയാര്‍ത്ഥികളെ യു.കെയിലേയ്ക്ക് തിരികെ അയയ്ക്കാന്‍ അയര്‍ലണ്ടിന് നിയമപരമായി സാധിക്കുമോ?

യു.കെയിലേയ്ക്ക് അഭയാര്‍ത്ഥികളെ തിരികെ അയയ്ക്കാനായി നിയമം പാസാക്കിയാല്‍ അത് പുതിയൊരു നയതന്ത്രപ്രശ്‌നത്തിന് കാരണമാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അയര്‍ലണ്ട് അടക്കം അംഗമായ യൂറോപ്യന്‍ യൂണിയനില്‍ നിന്നും അഭയാര്‍ത്ഥികളെ തിരികെ സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന്, ഇയുവില്‍ നിന്നും പുറത്തുപോയ രാജ്യമെന്ന നിലയില്‍ യു.കെ വ്യക്തമാക്കിക്കഴിഞ്ഞു. അഥവാ ഇത്തരത്തില്‍ അഭയാര്‍ത്ഥികളെ തിരികെ സ്വീകരിക്കണമെങ്കില്‍, ഫ്രാന്‍സില്‍ നിന്നും യു.കെയില്‍ എത്തുന്ന അഭയാര്‍ത്ഥികളെ അവിടേയ്ക്ക് തന്നെ തിരിച്ചയയ്ക്കാമെന്ന് ഇയു സമ്മതിക്കണം എന്നുമാണ് യു.കെയുടെ വാദം.

ഇത്തരത്തിലുള്ള വാദങ്ങളും, പ്രതിവാദങ്ങളുമാണ് ഈ വിഷയത്തില്‍ നടക്കുന്നതെന്നിനാല്‍, ഇത് അയര്‍ലണ്ട്- യു.കെ പ്രശ്‌നത്തിലുപരി, ഇയുവും, യു.കെയും തമ്മിലുള്ള പ്രശ്‌നമായി മാറാന്‍ ഇടയുണ്ട്.

ബ്രിട്ടിഷ് ഹോം സെക്രട്ടറിയായ ജെയിംസ് ക്ലെവര്‍ലിയുമായി മന്ത്രി ഹെലന്‍ മക്കന്റീ ഇന്ന് റുവാന്‍ഡ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇരുന്നതാണെങ്കിലും യു.കെയുടെ അഭ്യർത്ഥന പ്രകാരം അവസാനനിമിഷം ചര്‍ച്ച മാറ്റിവയ്ക്കുകയാണ് ഉണ്ടായിരിക്കുന്നത്. അതിനാല്‍ ഇക്കാര്യത്തിലെ വിവാദം ല്‍ക്കാലത്തേയ്ക്ക് കെട്ടടങ്ങുമെന്ന് പ്രതീക്ഷ വേണ്ട.

Share this news

Leave a Reply

%d bloggers like this: