ഭവനരഹിതരായ സ്ത്രീകള്‍ക്കുള്ള ഷെല്‍ട്ടര്‍ പൂട്ടുന്നതുവരെ സമരം ചെയ്യുമെന്ന് പ്രദേശവാസികള്‍

 

ഡബ്ലിന്‍: ഭവനരഹിതരായ സ്ത്രീകള്‍ക്കായുള്ള ലോക്കല്‍ സെന്ററിനെതിരെ പ്രതിഷേധവുമായി ഡബ്ലിന്‍ പ്രാന്തപ്രദേശമായ ഫിന്‍ഗ്ലാസ് നിവാസികള്‍. കില്‍ഡോനാന്‍ റോഡിലുള്ള അബിഗാലില്‍ വുമണ്‍സ് ഷെല്‍ട്ടര്‍ സെന്ററിലെ താമസക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ എല്ലാ ആഴ്ചയും പ്രതിഷേധം നടത്തുകയാണെന്ന് വെസ്റ്റ് ഫിന്‍ഗ്ലാസ് ടെനന്റ് ആന്‍ഡ് റെസിഡന്റ് അസോസിയേഷന്‍ (WFTRA) പറഞ്ഞു. ഷെല്‍ട്ടര്‍ സെന്റര്‍ പൂട്ടുന്നതുവരെ പ്രതിഷേധപ്രകടനങ്ങളും മാര്‍ച്ചും സംഘടിപ്പിക്കുമെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി.

2014 ല്‍ ഷെല്‍ട്ടര്‍ തുറന്നതുമുതല്‍ ഈ പ്രദേശത്തെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും മയക്കുമരുന്നുപയോഗവും വര്‍ധിച്ചിരിക്കുകയാണെന്നാണ് ലോക്കല്‍ ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.

ഡബ്ലിന്‍ റീജിയണല്‍ ഹോംലെസ് എക്‌സിക്യൂട്ടീവിനാണ് ഈ സെന്ററിന്റെ ചുമതല. ഈ വര്‍ഷമാദ്യം ലോക്കല്‍ ആക്ഷന്‍ കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇവിടത്തെ അന്തേവാസികളുടെ എണ്ണം 29 ആയി നിജപ്പെടുത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സെപ്റ്റംബറില്‍ ഷെല്‍ട്ടറിലെ താമസക്കാരുടെ എണ്ണം 50 ആക്കി ഉയര്‍ത്താന്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ നിര്‍ദേശിച്ചതായ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങള്‍ ഭവനരഹിതര്‍ക്കെതിരെയല്ലെന്നും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതിനെതിരെയാണ് സമരം ചെയ്യുന്നതെന്നും WETRA വക്താവ് അറിയിച്ചു.
-എജെ-

Share this news

Leave a Reply

%d bloggers like this: