ആഷസ് ടെസ്റ്റില്‍ നിന്നും വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിനെ പുറത്താക്കിയത് വന്‍ വിവാദമാകുന്നു

സിഡ്‌നി: ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റില്‍ നിന്നും വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിനെ പുറത്താക്കിയത് വന്‍ വിവാദമാകുന്നു. മകള്‍ മിയയുടെ ചികിത്സാകാര്യത്തിന് വേണ്ടി ഹാഡിന്‍ രണ്ടാം ടെസ്റ്റില്‍ നിന്നും വിട്ടുനിന്നിരുന്നു. ബ്രാഡ് ഹാഡിന്റെ മകള്‍ മിയയ്ക്ക് ക്യാന്‍സറാണ്. മകളെ ആശുപത്രിയില്‍ വിട്ട് രാജ്യത്തിന് വേണ്ടി ഡ്യൂട്ടി ചെയ്യാനെത്തിയ ഹാഡിനെ പക്ഷേ ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന് പരിഗണിച്ചതേയില്ല. 38 കാരനായ ഹാഡിന്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും താമസിയാതെ പുറത്താകും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ടെസ്റ്റില്‍ അത്ര മികച്ച പ്രകടനമൊന്നുമല്ല ഹാഡിന്റെ പേരിലുള്ളത്. എന്നാല്‍ ഹാഡിനെ പുറത്താക്കുന്നത് ഇങ്ങനെ അപമാനിച്ചിട്ട് വേണ്ട എന്ന് പ്രതിഷേധവുമായി മുന്‍താരങ്ങള്‍ ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഹാഡിന് പകരം പീറ്റില്‍ നെവിനാണ് ബര്‍മിങ്ഹാമില്‍ മൂന്നാം ടെസ്റ്റ് കളിക്കുന്നത്.

ആദം ഗില്‍ക്രിസ്റ്റിന് ശേഷം ഓസ്‌ട്രേലിയ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാാണ് ബ്രാഡ് ഹാഡിന്‍. ഹാഡിനെ ഒഴിവാക്കിയതില്‍ നിരാശ അറിയിച്ച് മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗാണ് ആദ്യം രംഗത്തെത്തിയത്. ഹാഡിനെ ഈ തീരുമാനം നിരാശപ്പെടുത്തുമെന്നും പോണ്ടിംഗ് പറഞ്ഞു. ഹാഡിന്റെ സുവര്‍ണകാലത്ത് പോണ്ടിംഗായിരുന്നു ഓസീസ് ടീമിനെ നയിച്ചിരുന്നത്.

ഹാഡിന് പകരക്കാരനെ കണ്ടെത്തുക എന്നതാണ് ലക്ഷ്യമെങ്കില്‍ ആഷസ് പരമ്പരയ്ക്ക് ശേഷം ആകാമായിരുന്നു എന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ ഇയാന്‍ ഹീലി പറഞ്ഞു. ഹാഡിനെ ടീമിലെടുക്കാത്ത സെലക്ടര്‍മാരുടെ നടപടിയെ അതിരുകടന്നത് എന്നാണ് മുന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ വിശേഷിപ്പിച്ചത്. അതേസമയം സെലക്ടര്‍മാരും കോച്ച് ഡാരന്‍ ലീമാനുമാണ് തീരുമാനത്തിന് പിന്നിലെന്ന് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് പറയുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: