പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഇനി പോലീസ് വേരിഫിക്കേഷന്‍ ആവശ്യമില്ലെന്ന് മന്ത്രി

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഇനി പോലീസ് വേരിഫിക്കേഷന്‍ ആവശ്യമില്ല. വിദേശകാര്യസഹമന്ത്രി വി കെ സിംഗ് ലോക്‌സഭയിലറിയിച്ചതാണ് ഇക്കാര്യം. മതിയായ പോലീസ് പരിശോധനയ്ക്കുശേഷമാണ് ഒരാള്‍ക്ക് പാസ്‌പോര്‍ട്ട് ഇഷ്യു ചെയ്യുന്നത് എന്നതുകൊണ്ടാണ് പാസ്‌പോര്‍ട്ട് പുതുക്കുമ്പോഴും പോലീസ് വെരിഫിക്കേഷന്‍ വേണമെന്ന നിലവിലെ നിബന്ധന ഒഴിവാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പാസ്‌പോര്‍ട്ട് പുതുക്കി ലഭിക്കാനെടുക്കുന്ന അനാവശ്യ കാലതാമസം ഒഴിവാക്കാന്‍ പുതിയ തീരുമാനം വഴി കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, രാജ്യവ്യാപകമായി പാസ്‌പോര്‍ട്ട് അപേക്ഷകളിലെ പോലീസ് വെരിഫിക്കേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ബംഗലൂരുവില്‍ നവംബറില്‍ ഇതിന് തുടക്കമിടാനാണ് ആലോചിക്കുന്നത്. ഇത് നിലവില്‍ വന്നാല്‍ പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ നടപടികളും പൂര്‍ത്തീയാക്കാനാവും. നിലവില്‍ ഒരു അപേക്ഷയില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ഒരു മാസത്തോളം എടുക്കുന്നുണ്ട്.

പ്രായപൂര്‍ത്തിയാവാത്തവരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മുതിര്‍ന്ന പൗരന്‍മാരെയും(65 വയസിന് മുകളില്‍ പ്രായമുള്ളവര്‍)ഉപാധികളോടെ നിലവില്‍ പോലീസ് വെരിഫിക്കേഷനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിവേഗം പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള തത്കാല്‍ പാസ്‌പോര്‍ട്ട് സംവിധാനം നിര്‍ത്തലാക്കുന്നതിനുള്ള യാതൊരു ആലോചനയുമില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം തത്കാല്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നവരുടെ എണ്ണം 2012-2013 വര്‍ഷത്തില്‍ 11 ശതമാനമായിരുന്നത് 2013-2014 വര്‍ഷത്തില്‍ ആറു ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: