ഭീകരവാദത്തിനെതിരെ യുപിയിലെ ആലാ ഹസ്രത് ദര്‍ഗ

ബറേലി: ഇസ്ലാമിന്റെ പേരില്‍ ഭീകരവാദം പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നിലപാടുമായി യുപിയിലെ ആലാ ഹസ്രത് ദര്‍ഗ. ദര്‍ഗയുടെ നിയന്ത്രണത്തിലുളള ജമിയ റസ്‌വിയ മന്‍സര്‍ഇഇസ്ലാം മദ്രസ്സയില്‍ ഭീകരവാദത്തെ തിരിച്ചറിഞ്ഞ് ഒഴിവാക്കാന്‍ സഹായിക്കുന്ന ഒരു കോഴ്‌സ് ആരംഭിച്ചു. ‘ഇസ്ലാമും ഭീകരവാദവും’ എന്നാണ് ബിരുദധാരികളെ ലക്ഷ്യമിട്ടുളള കോഴ്‌സിന്റെ പേര്.

നേരത്തെ, ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുളളവരുടെ കബറക്കത്തിന് മതപരമായ പ്രാര്‍ത്ഥനകള്‍ നടത്തില്ല എന്ന തീരുമാനമെടുത്തും ആലാ ഹസ്രത് ദര്‍ഗ വാര്‍ത്തകളില്‍ സ്ഥാനം നേടിയിരുന്നു. ഇസ്ലാമും ഭീകരവാദവും’ എന്ന കോഴ്‌സിലുടെ ഭീകരര്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്ന ഖുറാന്‍ സൂക്തങ്ങളും യഥാര്‍ത്ഥ ഖുറാന്‍ സൂക്തങ്ങളും തമ്മിലുളള താരതമ്യ പഠനമാണ് നടത്തുന്നത്. ഭീകരര്‍ ഖുറാന്‍ സൂക്തങ്ങള്‍ വളച്ചൊടിച്ച് യുവാക്കളെ ഭീകരവാദത്തിന്റെ പാതയിലെത്തിക്കുന്നത് തടയുകയുമാണ് പുതിയ കോഴ്‌സിന്റെ ലക്ഷ്യം. ബുധനാഴ്ചയാണ് കോഴ്‌സ് ആരംഭിച്ചത്. ഇതില്‍ ചേരാത്ത വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് നിരന്തരം ശില്‍പ്പശാലകള്‍ നടത്താനും മദ്രസ്സ ലക്ഷ്യമിടുന്നുണ്ട്. ഐഎസ് , അല്‍ക്വൊയ്ദ, താലിബാന്‍ തുടങ്ങിയ സംഘടനകള്‍ ഖുറാന്റെ തെറ്റായ വിശദീകരണം നല്‍കി യുവാക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്.

യഥാര്‍ത്ഥ സൂക്തങ്ങളും വിശദീകരണങ്ങളുമെല്ലാം അറബിയിലാണ്. ഇതിനു തെറ്റായ മൊഴിമാറ്റം നല്‍കുകയാണ് ഭീകരസംഘടനകള്‍ ചെയ്യുന്നത്. ഇവ തമ്മിലുളള താരതമ്യപഠനം നടത്തി ഖുറാന്റെ യഥാര്‍ത്ഥ സന്ദേശം നല്‍കുകയാണ് കോഴ്‌സിന്റെ ലക്ഷ്യമെന്ന് മദ്രസ്സയിലെ മുതിര്‍ന്ന അധ്യാപകനായ മുഫ്തി മുഹമ്മദ് സലീം നൂറി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: