ഇത് പ്രതീക്ഷയുടെ പുലരി…സാമുദായിക ഭിന്നതകള്‍ കളഞ്ഞ് രാഷ്ട്രപുരോഗതിക്കായി ഒന്നിക്കണം-മോദി

ന്യൂഡല്‍ഹി: ഇത് പ്രതീക്ഷയുടെ പുലരി എന്ന മുഖവുരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ 69മത് സ്വാതന്ത്ര്യദിനപ്പുലരിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു. ഭാരതീയരുടെ ലളിതമായ ജീവിതവും ഐക്യവുമാണ് രാഷ്ട്രത്തിന്റെ ശക്തി. അത് മനസ്സിലാക്കി സാമുദായിക ഭിന്നതകള്‍ കളഞ്ഞ് രാഷ്ട്രപുരോഗതിക്കായി ഒന്നിക്കണം.

125 കോടി ഭാരതീയരും ഒന്നിക്കുന്ന ടീമാണ് ടീം ഇന്ത്യ. ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആരംഭിച്ചത്. ജന്‍ധന്‍യോജന അതില്‍ പ്രധാനമാണ്. രാജ്യത്തെ എല്ലാ ബാങ്കുകളും പാവപ്പെട്ടവരുടെ മുന്നില്‍ തുറന്നു. അവര്‍ക്കും ധനസംരക്ഷണത്തെക്കുറിച്ച് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലായി. 20,000 കോടി രൂപയാണ് അവര്‍ നിക്ഷേപിച്ചത്. നമ്മുടെ ജനങ്ങളുടെ ശക്തിനോക്കൂ.

സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയും വന്‍വിജയമാണ് നേടിയത്. കുട്ടികളടക്കം ലക്ഷക്കണക്കിന് പേര്‍ അതില്‍ പങ്കെടുത്തു. 10,000 കോടി രൂപയുടെ നിരവധി ജനസഹായ പദ്ധതികളാണ് കഴിഞ്ഞവര്‍ഷം തുടങ്ങിയത്. രാജ്യവ്യാപകമായി സ്‌കൂളുകളില്‍ 4.25 ലക്ഷം മൂത്രപ്പുരകളാണ് തുറന്നത്. ഒരുപ്രഖ്യപനവുമില്ലാതെയാണ് രാജ്യത്തിന് പുറത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരാനുള്ള നടപടി സര്‍ക്കാര്‍ തുടങ്ങിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ പത്തുവര്‍ഷം വന്‍അഴിമതി നടത്തിയവരാണ് അഴിമതിയെക്കുറിച്ച് സര്‍ക്കാരിനെ ഉപദേശിക്കുന്നതെന്ന് പ്രതിപക്ഷത്തെ മോദി പരിഹസിച്ചു. അവരുടെ അഴിമതി മറക്കാന്‍ സര്‍ക്കാരിനെതിരെ കള്ളആരോപണങ്ങളുയര്‍ത്തി. പാര്‍ലമെന്റ് സ്തംഭിപ്പിച്ചു. ജനാധിപത്യത്തിന് കളങ്കമാണിത്. ഇനിയെങ്കിലും പ്രതിപക്ഷം ഈ സമരം നിര്‍ത്തി രാഷ്ട്രപുരോഗതിക്കായി ഭരണപക്ഷത്തിനൊപ്പം നിന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: