വിഴിഞ്ഞം പദ്ധതിക്കെതിരായ സമരത്തില്‍ നിന്നും ലത്തീന്‍ സഭപിന്നോട്ട്

തിരുവനന്തപുരം: മറ്റന്നാള്‍ കരാര്‍ ഒപ്പിടാനിരിക്കെ വിഴിഞ്ഞം പദ്ധതിക്കെതിരായ സമരത്തില്‍ നിന്നും ലത്തീന്‍ സഭപിന്നോട്ട്. പദ്ധതി മൂലം തൊഴിലും സ്ഥലവും നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി പ്രത്യേക ഉത്തരവിറക്കുമെന്ന് മുഖ്യമന്ത്രി സഭാ പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി. മറ്റന്നാള്‍ സഭ പ്രഖ്യാപിച്ച സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ മാറ്റി.

ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ഒന്നരമണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് ലത്തീന്‍സഭ അയഞ്ഞത്. മൂന്ന് പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. പദ്ധതി മൂലം സ്ഥലവും തൊഴിലും നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിന് പ്രത്യേക ഉത്തരവിറക്കും. തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് പദ്ധതിയുടെ ഭാഗമായി തന്നെ തൊഴില്‍ നല്‍കുന്ന കാര്യം പരിഗണിക്കും. നിര്‍മ്മാണത്തിന്റെ ഭാഗമായോ പിന്നീട് ഉദ്ഘാടനശേഷം കപ്പലുകളിടിച്ചോ മീന്‍പിടുത്ത ബോട്ടുകള്‍ക്ക് കേടുപാടുണ്ടായല്‍ പ്രത്യേകമായി നഷ്ടപരിഹാരം നല്‍കും.

ലത്തീന്‍സഭാ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച തുടരും. മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് കരാര്‍ ഒപ്പിടുന്ന മറ്റന്നാള്‍ നിശ്ചയിച്ച സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ മാറ്റിയത്. പകരം സെക്രട്ടറിയേറ്റിന് മുന്നില്‍ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യത്തിന്റെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ മാത്രം ചേരും. പരിസ്ഥിതി പ്രവര്‍ത്തകരെ കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിക്കാനുള്ള തീരുമാനവും മാറ്റി. അതേ സമയം കരാര്‍ ഒപ്പിടുന്ന ചടങ്ങ് എല്‍ഡിഎഫ് ബഹിഷ്‌ക്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: