പാമോലിന്‍ കേസ്… വീണ്ടും വി.എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍

തിരുവനന്തപുരം: പാമോലിന്‍ കേസില്‍ വീണ്ടും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയെ സമീപിച്ചു. പ്രതികളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ വി.എസ് ചൂണ്ടിക്കാട്ടുന്നു. വി.എസിന്റെ അപേക്ഷ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. പാമോലിന്‍ കേസില്‍ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ സി.വി.സി പി.ജെ.തോമസും ചീഫ് സെക്രട്ടറി ജിജി തോംസണും മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്.മുസ്തഫയും നല്‍കിയ ഹര്‍ജികള്‍ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേസില്‍ കക്ഷി ചേരാന്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും അപേക്ഷ നല്‍കിയത്.

പാമോലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് എന്ന വാദമാണ് പി.ജെ.തോമസ് ഉള്‍പ്പടെയുള്ളവര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ പാമോലിന്‍ കേസ് രാഷ്ട്രീയപ്രേരിത കേസല്ല എന്ന് 2007ല്‍ കേരള ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളെ സഹായിക്കാന്‍ അക്കാര്യം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിന്ന് ബോധപൂര്‍വ്വം മറച്ചുവെക്കുകയാണെന്ന് വി.എസ്.ആരോപിക്കുന്നു. ഭരണപരായ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കെ.കരുണാകരന്‍ പാര്‍ലമെന്റ് അംഗമായിരിക്കെ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച കേസില്‍ അക്കാര്യങ്ങളൊക്കെ സുപ്രീംകോടതി പരിശോധിച്ചതാണ്.

പ്രതികളെ രക്ഷിക്കാന്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിചാരണ കോടതി റദ്ദാക്കിയതുള്‍പ്പടെയുള്ള കേസിന്റെ ഇതുവരെയുള്ള എല്ലാ നിയമനടപടികളും വി.എസ്. വിശദീകരിക്കുന്നു. പി.ജെ.തോമസ് ഉള്‍പ്പടെയുള്ളവരുടെ ഹര്‍ജികള്‍ക്കൊപ്പം വി.എസിന്റെ അപേക്ഷയും തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും.

Share this news

Leave a Reply

%d bloggers like this: