ട്രോളിയില്‍ കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ 40% വര്‍ധന, തിരക്കും അനിയന്ത്രിതമാകുന്നു

 

ഡബ്ലിന്‍: ഓഗസ്റ്റ് മാസത്തില്‍ ട്രോളിയില്‍ ചികിത്സയ്ക്കായി കാത്തിരുന്നത് 6518 പേരെന്ന് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫ്‌സ് ഓര്‍ഗനൈസേഷന്‍. ഐഎന്‍എംഒയുടെ മാസം തോറുമുള്ള സര്‍വേയിലാണ് 6518 രോഗികള്‍ ഓഗസ്റ്റ് മാസത്തില്‍ ട്രോളിയില്‍ ചികിത്സ തേടിയതായി കണ്ടെത്തിയിരിക്കുന്നത്. 2014 ഓഗസ്റ്റ് മാസത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ട്രോളിയിലെ രോഗികളുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്.

ഒരു വര്‍ഷത്തിനുള്ളില്‍ ട്രോളിയിലെ രോഗികളുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനയെന്നത് അസ്വസ്ഥതയുളവാക്കുന്ന ഒരു പ്രവണതയാണ്. 2014 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗികളുടെ തിരക്കും ഓരോ മാസവും വര്‍ധിച്ചുവരുകയാണ്. ഓഗസ്റ്റ് മാസത്തില്‍ രോഗികളുടെ എണ്ണം അനിയന്ത്രിതമായ ഹോസ്പിറ്റലുകളുടെ കൂട്ടത്തില്‍ ദോഗ്രഡ(680), ബ്യൂമണ്ട്(678), ലിമെറിക്(618), UHG (458),CUH (399), താലഗട്ട്(395) എന്നി ഹോസ്പിറ്റലുകള്‍ ഉള്‍പ്പെടുന്നു. ഈ സാഹചര്യത്തില്‍ രോഗികളുടെ തിരക്ക് നിയന്ത്രിക്കാനും ട്രോളിയില്‍ കാത്തിരിക്കേണ്ടിവരുന്നവരുടെ പ്രതിസന്ധി പരിഹരിക്കാനും ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഐഎന്‍എംഒ ആവശ്യപ്പെട്ടു.

ഐഎന്‍എംഒ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സെപ്റ്റംബര്‍ 8 ചൊവ്വാഴ്ച മീറ്റിംഗ് നടത്തും. നിലവിലെ സ്ഥിതി വളരെ പരിതാപകരമായി തുടരുകയാണെന്നും ബെഡ് കപ്പാസിറ്റി വര്‍ധിപ്പിക്കുന്നതടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ഐഎന്‍എംഒ പറയുന്നു. ദിനംപ്രതി ഹോസ്പിറ്റലുകളിലെ തിരക്ക് വര്‍ധിക്കുന്നതും രോഗികളുടെ സുരക്ഷ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ഭീഷണിയാകുന്നതും കഴിഞ്ഞ 14 മാസമായി തുടരുകയാണെന്ന് ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ലിയാം ഡോറന്‍ പറഞ്ഞു.

ജീവനക്കാരുടെ കുറവ് നികത്താതെ ബെഡുകളുടെ എണ്ണം വര്‍ധിപ്പിക്കാതെ രോഗികളുടെ അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കാനാവില്ലെന്നും ഇതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്ന് പതിവായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഡോറന്‍ പറഞ്ഞു. എച്ച്എസ്ഇ അടുത്തിടെ ആവശ്യപ്പെട്ട പ്രകാരം സര്‍ക്കാര്‍ അധിക ഫണ്ട് അനുവദിക്കണമെന്നും രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നിലവില്‍ ആരോഗ്യമേഖല ആവശ്യപ്പെടുന്ന രീതിയിലുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഡോറന്‍ ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: