ഭവനഭേദനം: ഒന്നിലേറെ തവണ പിടിക്കപ്പെട്ടാല്‍ ശിക്ഷാ കാലാവധി നീളും,പുതിയ നിയമം പ്രാബല്യത്തില്‍

ഡബ്ലിന്‍: ഭവനഭേദനത്തില്‍ ഒന്നിലേറെ തവണ പിടിക്കപ്പെട്ടാന്‍ ശിക്ഷാ കാലാവധി നീളുന്ന പുതിയ നിയമം അയര്‍ലന്‍ഡില്‍ പ്രാബല്യത്തില്‍ വന്നു. ഒരു വ്യക്തിയുടെ വീട് കുത്തി്ത്തുറന്ന് മോഷണം നടത്തുകയെന്നത് ഹീനവും നീചവുമായ കുറ്റകൃത്യമാണെന്നും ഭൂരിഭാഗം ഭവനഭേദനങ്ങള്‍ക്ക് പിന്നിലും പതിവായി കുറ്റകൃത്യത്തിലേര്‍പ്പെടുന്നവരാണെന്നും നീതിന്യായവകുപ്പ് മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌ജെറാള്‍ഡ് പറഞ്ഞു. പുതിയ ബില്‍ സ്ഥിരമായി ഭവനഭേദനം നടത്തുന്നവരെ ലക്ഷ്യം വെച്ചുള്ളതാണ്. ഭവനഭേദനത്തിന് നേരത്തെ പിടിക്കപ്പെട്ടിട്ടുള്ളവര്‍ വീണ്ടും പിടിയിലാകുകയാണെങ്കില്‍ അവരുടെ ശിക്ഷാ കാലാവധി ദീര്‍ഘിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഭവനഭേദനങ്ങളും മോഷണങ്ങളും വര്‍ധിച്ചതിനെതുടര്‍ന്ന് നടത്തിയ റിവ്യൂവിലാണ് പുതിയ നിയമം നടപ്പാക്കുന്നതിനുള്ള നിര്‍ദേശമുയര്‍ന്നത്. ഗാര്‍ഡ നടത്തിയ അന്വേഷണത്തില്‍ രാജ്യത്ത് നടക്കുന്ന 75 ശതമാനം ഭവനഭേദനങ്ങളും 25 ശതമാനത്തോളം വരുന്ന സ്ഥിരം കുറ്റവാളികളാണ് ചെയ്യുന്നത്. പലരും ഒന്നിലേറെ തവണ പിടിക്കപ്പെട്ടിട്ടുള്ളവരാണ്.

ഈ ബില്‍ സ്ഥിരമായി വീടുകളില്‍ അതിക്രമിച്ച് കയറി പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അപഹരിക്കുന്നവരെ തടയുന്നതിനും സമൂഹത്തില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണെന്ന ഫിറ്റ്‌ജെറാള്‍ഡ് പറഞ്ഞു.

പുതിയ ബില്ലിന് രണ്ട് പ്രധാന വ്യവസ്ഥകളാണുള്ളത്. ഒന്നാമതായി ഈ നിയമമനുസരിച്ച് ഭവനഭേദനത്തിന് പിടിക്കപ്പെട്ടിട്ടുള്ള പ്രതികള്‍ 12 മാസത്തെ ഇടവേളയ്ക്കുള്ളില്‍ വീണ്ടും പിടിക്കപ്പെടുകയാണെങ്കില്‍ കോടതിയിക്ക് ഇവരുടെ ശിക്ഷാ കാലാവധി നീട്ടാം. പല ഭവനഭേദനങ്ങളിലും ചെറിയ കാലയളവിലേക്കാണ് ശിക്ഷ ലഭിക്കുന്നതെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് പുതിയ മാറ്റം. രണ്ടാമതായി ഭവനഭേദനങ്ങളില്‍ പിടിക്കപ്പെട്ടവരുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ നേരത്തെ ചെയ്തിട്ടുള്ള കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും കുറ്റം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടോ എന്ന് പരിശോധിച്ച ശേഷം വേണം ജാമ്യം അനുവദിക്കാന്‍. നിരവധി ഭവനഭേദനങ്ങളില്‍ പ്രതികളായവര്‍ക്കും യാതൊരു പ്രശ്‌നവും കൂടാതെ ജാമ്യം ലഭിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമത്തില്‍ ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മലയാളികടക്കമുള്ള നിരവധിപേരാണ് അയര്‍ലന്‍ഡില്‍ ഭവനഭേദനത്തിന് ഇരകളാകുന്നത്. പുതിയ നിയമം കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കുമെന്നാണ് വിലയിരുത്തുന്നത്.

Share this news

Leave a Reply

%d bloggers like this: