കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റായി സോണിയാ ഗാന്ധി ഒരു വര്‍ഷം കൂടി തുടരും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റായി സോണിയാ ഗാന്ധി ഒരു വര്‍ഷം കൂടി തുടരും. ഡല്‍ഹിയില്‍ ഇന്നു ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗമാണ് പ്രസിഡന്റായുള്ള സോണിയയുടെ കാലാവാധി നീട്ടി നല്‍കിയത്. ഇതോടൊപ്പം പാര്‍ട്ടിയിലെ സംഘടനാ തിരഞ്ഞെടുപ്പ് എത്രയും വേഗം പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.

സോണിയയുടെ കാലാവധി നീട്ടുന്നതിന് വേണ്ടി പാര്‍ട്ടി ഭരണഘടനയില്‍ നേരത്തെ തന്നെ ഭേദഗതി വരുത്തിയിരുന്നു. പാര്‍ട്ടി ഭാരവാഹികളുടെ കാലാവധി അഞ്ചു വര്‍ഷം എന്നത് മൂന്നു വര്‍ഷമായി 2012ലെ എ.ഐ.സി.സി സമ്മേളനത്തില്‍ നിജപ്പെടുത്തിയിരുന്നു.

പാര്‍ട്ടി പദവികളില്‍ 50 ശതമാനം പട്ടികജാതിവര്‍ഗപിന്നാക്ക വിഭാഗത്തിനും സ്ത്രീകള്‍ക്കുമായി മാറ്റി വയ്ക്കാനും പ്രവര്‍ത്തകസമിതിയോഗം തീരുമാനിച്ചിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് തിടുക്കം കാട്ടേണ്ടെന്നും യോഗം തീരുമാനിച്ചു. അതേസമയം, സര്‍ക്കാരിന് കീറാമുട്ടിയായ ഭൂമിയേറ്റെടുക്കല്‍ നിയമം പിന്‍വലിപ്പിക്കുന്നതില്‍ രാഹുല്‍ ഗാന്ധി വഹിച്ച പങ്ക് ജനങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിക്കാട്ടാനും പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ഇതോടൊപ്പം സംഘടനാ കാര്യങ്ങളില്‍ മുഖ്യ പങ്ക് വഹിക്കുന്നതും രാഹുല്‍ തുടരും.

Share this news

Leave a Reply

%d bloggers like this: