മിനായിലെ ദുരന്തം: 10 മലയാളികളെ കാണാതായി

 

മക്ക: ഹജ്ജ് കര്‍മ്മത്തിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 മലയാളികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട്, കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ളവരെയാണ് കാണാതായിരിക്കുന്നത്. കൊല്ലത്തു നിന്നുള്ള കുടുംബത്തെക്കുറിച്ച് അപകടത്തിനു ശേഷം വിവരമൊന്നും ലഭിച്ചിട്ടില്ല. കോഴിക്കോട് ഫറൂഖ് സ്വദേശി മുനീര്‍ എന്നയാളെയും കാണാനില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യയ്ക്കും മകനും ഒപ്പമാണ് മുനീര്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ എത്തിയത്.

കോട്ടയം അതിരമ്പുഴ സ്വദേശികളായ ദമ്പതികളെപ്പറ്റിയുള്ള വിവരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ ബന്ധുക്കള്‍ ആശങ്കയിലാണ്. അതിരമ്പുഴ മറ്റം കവലയ്ക്കു സമീപം കറുകച്ചേരില്‍ സജീവ് ഉസ്മാന്‍ (46), ഭാര്യ സിനി (35) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇരുവരും ഗുരുതരാവസ്ഥയിലാണെന്ന വിവരമാണ് നാട്ടില്‍ ലഭിച്ചത്. എന്നാല്‍ ഇവര്‍ ഏത് ആശുപത്രിയിലാണെന്നോ ഇവരുടെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നോ അറിയില്ല.

അപകടം നടന്നയുടന്‍ സജീവിനെ മിനായില്‍തന്നെയുള്ള അല്‍നൂര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ഏത് ആശുപത്രിയിലേക്കു മാറ്റി എന്നറിയില്ല. സജീവിനും സിനിക്കുമൊപ്പം അവരുടെ മക്കളായ സനീഷ് (17), ആദില്‍ (9) എന്നിവരും സജീവിന്റെ സഹോദരന്‍ ഷുക്കൂര്‍, സഹോദരിയുടെ മകന്‍ സനൂജ് എന്നിവരും അവരുടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. ഇവരില്‍ സജീവും കുടുംബവുമാണ് തിരക്കില്‍പ്പെട്ടത്. ഇവരുടെ മക്കളായ സനീഷിനെയും ആദിലിനെയും തിരക്കിനിടെ കാണാതായെങ്കിലും ഇന്ത്യന്‍ സമയം വ്യാഴാഴ്ച വൈകുന്നേരം നാലിന് കണ്ടുകിട്ടിയിരുന്നു. കുട്ടികള്‍ ഇപ്പോള്‍ ഷുക്കൂറിനൊപ്പമുണ്ട്.

ദീര്‍ഘനാളായി റിയാദില്‍ കുടുംബസമേതം കഴിയുന്ന ഇവരെല്ലാവരുംകൂടി റിയാദില്‍ നിന്നാണ് ഹജ്ജിനു പോയത്. അതുകൊണ്ടുതന്നെ ഔദ്യോഗികമായി ഇവരുടെ വിവരം ഇന്ത്യന്‍ സംഘത്തിനോ അധികൃതര്‍ക്കോ ലഭ്യമല്ല. അപകടത്തില്‍ പരിക്കേറ്റവരെ അന്‍പതിലേറെ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മരിച്ചവരുടെ മൃതദേഹങ്ങളും ഈ ആശുപത്രികളിലാണുള്ളത്. മരിച്ചവരുടെ ഫോട്ടോയും വിവരങ്ങളും അതത് ആശുപത്രികളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആശുപത്രികളില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ലഭിക്കുക എളുപ്പമല്ല. ബന്ധുക്കള്‍ ഓരോ ആശുപത്രിയും കയറിയിറങ്ങുന്നുണ്ടെങ്കിലും വിവരങ്ങള്‍ ലഭ്യമല്ല. തങ്ങളുടെ ബന്ധുക്കള്‍ മരിച്ചോ അതോ പരിക്കേറ്റ് എവിടെയെങ്കിലും കഴിയുകയാണോ എന്നറിയാന്‍പോലും മാര്‍ഗമില്ലാതെ ആയിരങ്ങളാണ് ആശങ്കയോടെ അലയുന്നത്.

Share this news

Leave a Reply

%d bloggers like this: