പലസ്തീന്‍ നയത്തില്‍ വെള്ളം ചേര്‍ത്തിട്ടല്ല ഇസ്രായേലുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുന്നതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി

അമ്മാന്‍: പലസ്തീന്‍ നയത്തില്‍ വെള്ളം ചേര്‍ത്തിട്ടല്ല ഇസ്രായേലുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുന്നതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി.പ്രത്യേക പലസ്തീന്‍ രാഷ്ട്രത്തിനായുള്ള ആവശ്യത്തെ ഇന്ത്യ തുടര്‍ന്നും പിന്തുണയ്ക്കും. ജോര്‍ദാനിലെ അബ്ദുള്ള രാജാവ് അടക്കമുള്ള നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ത്യയുടെ ഈ നയത്തെ തങ്ങള്‍ ബഹുമാനിക്കുന്നതായി ജോര്‍ദാന്‍ പ്രധാനമന്ത്രി അബ്ദുള്ള എന്‍സോര്‍ രാഷ്ട്രപതിയോട് പറഞ്ഞു. ജോര്‍ദാന്‍ സന്ദര്‍ശനത്തിനുശേഷം പലസ്തീനും ഇസ്രായേലും രാഷ്ട്രപതി സന്ദര്‍ശിക്കുന്നുണ്ട്.

ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ അവകാശവാദത്തെ പിന്തുണയ്ക്കുമെന്ന് രാഷ്ട്രപതിയുമായി നടത്തിയ ചര്‍ച്ചയില്‍ അബ്ദുള്ള രണ്ടാമന്‍ രാജാവ് വ്യക്തമാക്കി. വാണിജ്യ നിക്ഷേപ സാധ്യതകള്‍, രക്ഷാസമിതി പരിഷ്‌കാരം, ഭീകരവിരുദ്ധ പോരാട്ടം തുടങ്ങിയ വിഷയങ്ങളാണ് രണ്ട് നേതാക്കളും ചര്‍ച്ച ചെയ്തതെന്ന് പിന്നീട് മാധ്യമങ്ങളെ കണ്ട വിദേശകാര്യ സെക്രട്ടറി(ഈസ്റ്റ്) അനില്‍ വാധ്വ മാധ്യമങ്ങളോട് പറഞ്ഞു. അമ്മാന്‍ നഗരത്തിലെ ഒരു തെരുവിന് മഹാത്മാഗാന്ധിയുടെ പേരിടുന്ന ചടങ്ങിലും രാഷ്ട്രപതി പങ്കെടുത്തു.

പശ്ചിമേഷ്യയിലെ വികസനത്തിന്റെയും സമാധാനത്തിന്റെയും മരുപ്പച്ചയാണ് ജോര്‍ദാനെന്ന് രാഷ്ട്രപതി ശനിയാഴ്ച രാത്രി ഇന്ത്യക്കാരുടെ യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഇവിടത്തെ ഇന്ത്യക്കാരോടുള്ള സര്‍ക്കാറിന്റെയും ജനങ്ങളുടെയും സ്‌നേഹവായ്പിന് അദ്ദേഹം നന്ദി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: