തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം മുന്നൂറ്റിയൊന്ന് രൂപയാക്കി

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം മുന്നൂറ്റിയൊന്ന് രൂപയാക്കി. ഇന്നലെ ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തിലാണ് തൊഴിലാളികള്‍ക്ക് 69 രൂപ കൂട്ടാന്‍ ധാരണയായത്. റബ്ബറിന് 317 എന്നത് 381 ആയും ഏലത്തിന് 267 എന്നത് 325 രൂപയായും മിനിമം കൂലി കൂടും. ഇതേ തുടര്‍ന്ന് ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്തില്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാരം പിന്‍വലിച്ചു. മിനിമം വേതനം കൂട്ടുമ്പോള്‍ എത്ര ഉത്പാദനം കൂട്ടണം എന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പിഎല്‍സി പിന്നീട് വീണ്ടും ചേരും.

മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ മിനിമം വേതനം 500 രൂപയാക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിയ ശേഷം ആറാമത്തെ പിഎല്‍സി യോഗത്തിലാണ് വേതനം പരിഷ്‌കരിക്കാന്‍ ധാരണയായത്. അഞ്ഞൂറ് രൂപ തന്നെ വേണമെന്ന നിലപാടില്‍ ട്രേഡ് യൂണിയന്‍ നേതാക്കളും അഞ്ഞൂറ് രൂപ ആക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ തോട്ടം ഉടമകളും ഉറച്ചു നിന്നു. ഒടുവില്‍ 350 രൂപ കിട്ടിയാല്‍ സമരം പിന്‍വലിക്കാമെന്ന ധാരണയില്‍ ട്രേഡ് യൂണിയനുകള്‍ എത്തിയെങ്കിലും 53 രൂപ കൂട്ടി 285 രൂപ വരെ മാത്രമേ നല്‍കാന്‍ കഴിയൂ എന്ന് തോട്ടമുടമകള്‍ നിലപാടെടുത്തു. ഒടുവില്‍ മുഖ്യമന്ത്രിയും പങ്കെടുത്ത് ധാരണയിലെത്തിക്കുകയായിരുന്നു. ആനൂകൂല്യങ്ങളടക്കം ഒരു തൊഴിലാളിക്ക് വേണ്ടി തോട്ടമുടമകള്‍ 436 രൂപ മുടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഏകാംഗ കമ്മീഷനെ നിയോഗിക്കും. റബ്ബറിന്റെ മിനിമം കൂലി 317 ല്‍ നിന്ന് 381 രൂപയായി ഉയര്‍ത്തി. ഏലത്തിന് 267 ല്‍ നിന്ന് 325 രൂപയായും മിനിമം കൂലി ഉയര്‍ത്തി. നുള്ളേണ്ട തേയിലയും വെട്ടേണ്ട റബ്ബറുകളുടെ എണ്ണവും സംബന്ധിച്ച് പിന്നീട് ചേരുന്ന പിഎല്‍സി യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. മിനിമം കൂലി ഉയര്‍ത്തിയ സാഹചര്യത്തില്‍ സമരം പിന്‍വലിക്കുന്നതായി ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

തോട്ടമുടമകളെയും ട്രേഡ് യൂണിയന്‍ നേതാക്കളെയും കൂടാതെ മുഖ്യമന്ത്രിയും തൊഴില്‍മന്ത്രിയും വൈദ്യുതി മന്ത്രിയും പിഎല്‍സി യോഗത്തില്‍ പങ്കെടുത്തു. മിനിമം കൂലി അഞ്ഞൂറ് രൂപ കിട്ടിയില്ലെങ്കിലും ഒറ്റയടിക്ക് 69 രൂപ കൂട്ടാന്‍ ശക്തമായ തൊഴിലാളി പ്രക്ഷോഭത്തിലൂടെ കഴിഞ്ഞുവെന്ന് ട്രേഡ് യൂണിയനുകള്‍ക്കും പെണ്‍ ഒരുമക്കും അഭിമാനിക്കാം.

Share this news

Leave a Reply

%d bloggers like this: