ദാദ്രി സംഭവം അപലപിച്ച മോദിക്ക് ഗോധ്ര സംഭവം ഓര്‍മ്മയുണ്ടോ എന്ന് മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ശിവസേന. ദാദ്രി സംഭവം അപലപിച്ച മോദിക്ക് ഗോധ്ര സംഭവം ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചാണ് മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തുവന്നത്. നരേന്ദ്ര മോദിയെ ലോകം അറിയുന്നത് തന്നെ ഗോധ്രയുടെ പേരിലാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തോട് തങ്ങള്‍ക്കുള്ള ആദരവെന്നും സേന നേതാവ് വ്യക്തമാക്കി.

പ്രധാനമന്ത്രി പദത്തില്‍ കടിച്ചുതൂങ്ങുന്നതിനായാണ് മോദി ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതെന്നും സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി. അതേസമയം മഹാരാഷ്ട്രയില്‍ സര്‍ക്കാറിന്റെ തെറ്റായ നയങ്ങളില്‍ ഒന്നാണ് ബീഫ് നിരോധനമെന്ന് ശിവസേന നേതാവ് അനില്‍ ദേശായി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു എന്ത് ഭക്ഷണം കഴിക്കണമെന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണെന്നും അതില്‍ സര്‍ക്കാര്‍ കൈകടത്തരുതെന്നും അനില്‍ ദേശായി വ്യക്തമാക്കി.

അപമാനം സഹിച്ച് സര്‍ക്കാരിന്റെ ഭാഗമായി തുടരില്ലെന്നും ദേശായ് പറഞ്ഞു. സുധീന്ദ്ര കുല്‍ക്കര്‍ണിക്കെതിരായ കരിമഷി പ്രയോഗം തെറ്റായെന്ന് ബിജെപി കേന്ദ്രനേതൃത്വവും നിലപാടെടുത്തതോടെയാണ് പ്രധാനമന്ത്രിയെ ഉന്നമിട്ട് ശിവസേന നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ഗുജറാത്ത് കലാപം ഓര്‍മ്മിപ്പിക്കുന്നത് മോദിയെകൂടി കരിവാരിത്തേക്കാനാണെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഇതോടെ ശിവസേനയ്‌ക്കെതിരെയുള്ള പ്രത്യാക്രമണം ബിജെപി ശക്തമാക്കുമെന്നാണ് സൂചന.

Share this news

Leave a Reply

%d bloggers like this: