ജനവിധി തേടാന്‍ സ്‌ക്രീനിലും സ്‌ക്രീനു പിന്നിലും പയറ്റിത്തെളിഞ്ഞ സിനിമാപ്രവര്‍ത്തകര്‍

തിരുവനന്തപുരം: ജനവിധി തേടാന്‍ സ്‌ക്രീനിലും സ്‌ക്രീനു പിന്നിലും പയറ്റിത്തെളിഞ്ഞ  സിനിമാപ്രവര്‍ത്തകര്‍ . ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായ വീണ എസ് നായരാണ് ഇപ്രാവശ്യം മുമ്പിലുള്ളത്. അഭിഭാഷകയായ വീണ തിരുവനന്തപുരം ശാസ്തമംഗലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണു മത്സരിക്കുന്നത്. ഏഷ്യാനെറ്റ് പഌ്, കിരണ്‍ ടിവി, ദൂരദര്‍ശന്‍ എന്നീ ചാനലുകളിലെ അവതാരകയാണ്. ചില സിനിമകളിലും ചെറിയ വേഷങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. നാട്ടുകാര്‍ക്ക് സുപരിചിതയായ ആളാവണം സ്ഥാനാര്‍ത്ഥി എന്ന ആവശ്യമായിരുന്നു വീണയ്ക്ക് ഗുണമായത്. വനിത സംവരണ വാര്‍ഡായതോടെ വീണയെ ഡിഡിസി അംഗീകരിയ്ക്കുകയായിരുന്നു.

ശാസ്തമംഗലം വാര്‍ഡിലെ മിക്ക വോട്ടര്‍മാരേയും നേരിട്ട് പരിചയമുള്ളവരാണ് വീണയും കുടുംബവും. നടന്‍ സുരേഷ്‌ഗോപി, ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ശാസ്തമംഗലത്താണ് താമസിക്കുന്നത്. വീണ അസോസിയേഷന്‍ ഫോര്‍ ലീഗല്‍ എംപവര്‍മെന്റ് ആന്‍ഡ് റൂറല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്ന സംഘടനയിലെ പ്രവര്‍ത്തക കൂടിയായ വീണയ്ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നത് ശശി തരൂരിനെ പോലെയുള്ളവരാണ്. കെപിസിസി ജനറല്‍ സെക്രട്ടറി കെപി കുഞ്ഞിക്കണ്ണന്റെ മകനും ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥനുമായ കെപികെ തിലകനാണ് 26കാരിയായ വീണയുടെ ഭര്‍ത്താവ്.

സഹവേഷങ്ങളില്‍ അനേകം മലയാള സിനിമയില്‍ അഭിനയിക്കുകയും കുടുംബിനി ആയതോടെ സിനിമ വിടുകയും ചെയ്ത സോണിയാ ജോസാണ് മറ്റൊരു പ്രമുഖ. സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ ഭാര്യ ശിവസേനാ സ്ഥാനാര്‍ത്ഥിയായി എറണാകുളം നോര്‍ത്ത് ഡിവിഷനിലാണു മത്സരിക്കുന്നത്. അടിസ്ഥാന സൗകര്യത്തിനു ഒരു വോട്ട് എന്നാണ് താരത്തിന്റെ മുദ്രാവാക്യം. ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരേ പോലെ സാന്നിധ്യമറിയിച്ച ശേഷമാണ് ഈ കോട്ടയം സ്വദേശി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നത്.

ജൂനിയര്‍ മാന്‍ഡ്രേക്ക്, ബാംബൂ ബോയ്‌സ് തുടങ്ങിയ ചിരിപ്പടങ്ങള്‍ നല്‍കിയ സംവിധായകന്‍ അലി അക്ബറും ജനഹിതം പരീക്ഷിക്കാന്‍ ഇറങ്ങുകയാണ്. വിദ്യാര്‍ത്ഥിയായിരിക്കെ എസ്എഫ്‌ഐ ക്കാരന്‍ ആയിരുന്നെങ്കിലും പല പല രാഷ്ട്രീയ പാര്‍ട്ടിയിലൂടെ കടന്നുപോയ അലി അക്ബര്‍ അരീക്കോട് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വടകരയില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും 6235 വോട്ട് മാത്രം നേടി പരാജയപ്പെട്ടു. 1997 ല്‍ മികച്ച സംവിധായകനുളള ദേശിയ പുരസ്‌കാരം സ്വന്തമാക്കിയ ഈ സംവിധായകന്‍ കോഴിക്കോടിനു സുപരിചിതനാണ്.

എസ് ജാനകിയുടെ അതേ ശബ്ദമെന്ന് കേരളം വിശേഷിപ്പിച്ച ദലീമയും മത്സരത്തിനുണ്ട്. ആലപ്പുഴ അരൂര്‍ പഞ്ചായത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായി ദലീമ മത്സരിക്കും. സ്‌റ്റേജ് ഷോകളിലെ സ്ഥിരം സാനിധ്യമായ ദലീമയുടെ കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തിലെ മഞ്ഞുമാസ പക്ഷി എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിര്‍മാതാവ് മമ്മി സെഞ്ച്വറിയുമുണ്ട് മല്‍സരിക്കാന്‍. എറണാകുളം കീഴ്മാട് ഡിവിഷനില്‍ എന്‍സിപി സ്ഥാനാര്‍ഥിയാണു മമ്മി സെഞ്ച്വറി. കോണ്‍ഗ്രസ് എസ്സിലും എന്‍സിപിയിലുമായി 40 വര്‍ഷത്തെ രാഷ്ര്ടീയ പാരമ്പര്യമുണ്ട് മമ്മിക്ക്. കഴിഞ്ഞ തവണ വാഴക്കുളത്തു മല്‍സരിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല.

Share this news

Leave a Reply

%d bloggers like this: