കൊച്ചി കോര്‍പറേഷന്‍ ഓഫീസിലെ രേഖകള്‍ ആക്രിക്കടയില്‍

 

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ ഓഫീസിലെ ജീവനക്കാരുടെ ഹാജര്‍ വിവരമടക്കമുള്ള രേഖകള്‍ ആക്രിക്കടയില്‍. കോര്‍പറേഷനിലേക്ക് എത്തിയ വിവിധ അപേക്ഷകളും ജനങ്ങള്‍ക്ക് നല്‍കേണ്ട മറുപടികളുമാണ് നഗരത്തിലെ ആക്രിക്കടകളില്‍ നിന്ന് കണ്ടെത്തിയത്. സംഭവം വിവാദമായതോടെ കോര്‍പറേഷന്‍ സെക്രട്ടറി സ്ഥലത്തെത്തി രേഖകള്‍ ഏറ്റെടുത്തു.

വിവരാവകാശ അപേക്ഷകള്‍, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ പോലുള്ള സുപ്രധാന സര്‍ട്ടിഫിക്കറ്റുകള്‍, കോര്‍പറേഷനിലെ അറ്റന്റന്‍സ് രജിസ്റ്റര്‍, ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട രേഖകള്‍, തുടങ്ങിയവയുള്‍പ്പെട്ടെ ഫയലുകളാണ് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. സൗത്ത് ഓവര്‍ബ്രിഡ്ജിനു താഴെയും പി ടി ഉഷ റോഡിലുമുള്ള രണ്ട് കടകളില്‍ നിന്നുമായി 70ലധികം ചാക്കുകെട്ടുകളാണ് ഉണ്ടായിരുന്നത്. എന്നല്‍ ഇതേക്കുറിച്ച് അറിവില്ലെന്നാണ് കോര്‍പറേഷന്‍ സെക്രട്ടറി നല്‍കിയ വിശദീകരണം. അതേസമയം കോര്‍പറേഷനില്‍ നിന്ന് വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫയലുകള്‍ ഉള്‍പ്പെട്ട ചാക്കുകള്‍ വാങ്ങിച്ചതെന്ന് ആക്രിക്കട നടത്തുന്നയാള്‍ പറഞ്ഞു. വിഷയം ഉയര്‍ത്തിക്കാട്ടി ബി.ജെ പി കോര്‍പറേഷന്‍ ഓഫീസ് ഉപരോധിച്ചു.

തുടര്‍ന്ന് കോര്‍പറേഷന്‍ സെക്രട്ടറി വി ആര്‍ രാജു നേരിട്ടെത്തി ഫയലുകള്‍ ഏറ്റെടുത്തു. ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: