ദാദ്രി സംഭവം ഹിന്ദുപെണ്‍കുട്ടിയെ സ്നേഹിച്ചത് മൂലമെന്ന് എബിവിപി

ന്യഡല്‍ഹി: ദാദ്രി സംഭവത്തില്‍ വ്യത്യസ്ത നിലപാടുമായി ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പി. ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഇഖ്‌ലാഖിന്റെ മകന്‍ പ്രദേശത്തെ ഒരു ഹിന്ദു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നെന്നും ഇതേച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നുമാണ് എ.ബി.വി.പിയുടെ നിലപാട്. നവംബര്‍ 1 മുതല്‍ 3 വരെ നടക്കുന്ന എ.ബി.വി.പി സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ചയാക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

സമ്മേളനത്തിന്റെ ഒന്നാം ദിവസം ”പ്രീണന രാഷ്ട്രീയം” എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയിലാണ് ദാദ്രി സംഭവം ചര്‍ച്ചയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. എ.ബി.വി.പി ഇത് സംബന്ധിച്ച് പരസ്യപ്രസ്താവന നടത്തിയേക്കുമെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബീഫ് കഴിച്ചുവെന്നും വീട്ടില്‍ പശു മാംസം സൂക്ഷിച്ചുവെന്നും ആരോപിച്ച് മുഹമ്മദിനെ മര്‍ദ്ദിച്ചു കൊന്നുവെന്ന മാധ്യമവാര്‍ത്തകളെ പ്രതിരോധിക്കാനാണ് എ.ബി.വി.പിയുടെ നീക്കം.

മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ യു.പി ഗവര്‍ണര്‍ രാം നായ്ക്കാണ് മുഖ്യാതിഥി. അതേസമയം മുഹമ്മദ് ഇഖ്‌ലാഖിന്റെ രണ്ട് ആണ്‍മക്കളില്‍ ആര്‍ക്കാണ് ഹിന്ദു പെണ്‍കുട്ടിയുമായി ബന്ധമുള്ളതെന്ന് എ.ബി.വി.പി നേതൃത്വം വ്യക്തമാക്കിയിട്ടില്ല. മകന്റെ പ്രണയ ബന്ധത്തിന്റെ പേരില്‍ നടന്ന കൊലപാതകത്തെ ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായി ബീഫ് കഴിച്ചതിന് കൊലപ്പെടുത്തിയെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നെന്ന് എ.ബി.വി.പിയുടെ അവാദ് റീജിയന്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി സത്യ ഭാന്‍ പറഞ്ഞു. മുഹമ്മദ് പ്രത്യേക സമുദായത്തില്‍ അംഗമായതിനാലാണ് യു.പി സര്‍ക്കാര്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയതെന്നും ഭാന്‍ ആരോപിച്ചു.

Share this news

Leave a Reply

%d bloggers like this: