ഹിന്ദുകുഷ് ഉത്ഭവ കേന്ദ്രമായി ഉണ്ടായ ഭൂചലനത്തില്‍ പാകിസ്താനില്‍ മരണമടഞ്ഞവരുടെ എണ്ണം 130 ആയി

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് ഉത്ഭവ കേന്ദ്രമായി ഉണ്ടായ ഭൂചലനത്തില്‍ പാകിസ്താനില്‍ മരണമടഞ്ഞവരുടെ എണ്ണം 130 ആയി. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പാകിസ്താനിലെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. അവസാനം ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് അഫ്ഗാനിസ്ഥാനില്‍ 40 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കാശ്മീരില്‍ ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.

അഫ്ഗാനിലും പാകിസ്താനിലുമായി ആയിരത്തില്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സ്‌കൂള്‍ പ്രവര്‍ത്തന സമയമായതിനാല്‍ മരിച്ചവരിലും പരിക്കേറ്റവരിലും സ്‌കൂള്‍ കുട്ടികളും ഉള്‍പ്പെടുന്നു. അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തില്‍നിന്ന് രക്ഷപ്പെടാന്‍ സ്‌കൂളില്‍നിന്ന് ഓടി പുറത്തിറങ്ങുന്നതിനിടയിലാണ് കൂടുതല്‍ കുട്ടികള്‍ക്കും പരിക്കേറ്റത്. ഇന്ത്യയില്‍ ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ശക്തമായ ഭൂചലനവും കൊച്ചിയില്‍ നേരിയ ഭൂചലനവും അനുഭവപ്പെട്ടു.

ഉച്ചകഴിഞ്ഞ് 2.40 തോടെ അനുഭവപ്പെട്ട ഭൂചലനം ഒരു മിനിട്ടോളം നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്. സമീപകാലത്തുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്. ഭൂചലനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.

ഇനിയും തുടര്‍ച്ചലനങ്ങള്‍ ഉണ്ടായേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ജനങ്ങള്‍ കെട്ടിടങ്ങളിലേയ്ക്ക് തിരികെ പ്രവേശിക്കാന്‍ മടിക്കുകയാണ്. എന്നാല്‍ സുനാമിക്കുള്ള സാധ്യതകള്‍ അധികൃതര്‍ തള്ളി.

Share this news

Leave a Reply

%d bloggers like this: