ഇറാന് പാക്കിസ്താന്‍ ആണവ സാങ്കേതിക വിദ്യ കൈമാറിയിരുന്നതായി മുന്‍ പ്രസിഡന്‍റ്

ടെഹ്‌റാന്‍: ആണവ സാങ്കേതിക വിദ്യ പാകിസ്താന്‍ ഇറാന് കൈമാറിയെന്ന റിപ്പോര്‍ട്ടിന് ഒടുവില്‍ സ്ഥിരീകരണം. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തില്‍ മുന്‍ ഇറാനിയന്‍ പ്രസിഡന്റ് അക്ബര്‍ ഹാഷേമി റഫ്‌സഞ്ജാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്താന്റെ മുന്‍ ആണവ വിദഗ്ദ്ധന്‍ അബ്ദുള്‍ ഖാദര്‍ ഖാനെതിരേ ഉയര്‍ന്ന ആരോപണത്തിന് ഇതാദ്യമാണ് സ്ഥിരീകരണം.

ഇസഌമിക ലോകത്തിനും ആണവായുധം കൈവശം വെയ്‌ക്കേണ്ട ആവശ്യകത ഉണ്ടെന്ന് അബ്ദുള്‍ ഖാദര്‍ഖാന്‍ വിശ്വസിച്ചിരുന്നതായും അതിന്റെ വെളിച്ചത്തില്‍ പാകിസ്താന്‍ സമ്മതിക്കുകയായിരുന്നെന്നും റഫ്‌സഞ്ജാനി ഒരു ഇറാനിയന്‍ വെബ്‌സൈറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് പറഞ്ഞത്. യുദ്ധത്തില്‍ എതിരാളികള്‍ അണുവായുധം ഉപയോഗിക്കാന്‍ ഒരുങ്ങിയാല്‍ തങ്ങള്‍ക്കും അതിനാകണമെന്ന് ഞങ്ങള്‍ വിശ്വസിച്ചിരുന്നതായി മുന്‍ ഇറാനിയന്‍ പ്രസിഡന്റ് പറഞ്ഞു.

ഇറാന് അണുവായുധ സാങ്കേതികത കൈമാറിയതായി 1986 മുതല്‍ സംശയം നിലനിന്നിരുന്നു. 2002 മുതല്‍ ഇറാനില്‍ പ്രവര്‍ത്തനം ആരംഭിച്ച ആണവ സംവിധാനങ്ങളില്‍ പാകിസ്താന്റെ തുണയുണ്ടായിരുന്നതായിട്ടായിരുന്നു വിലയിരുത്തല്‍. ഇറാനും പാകിസ്താനും തമ്മിലുള്ള ആണവ സഹകരണം സിയാ ഉള്‍ ഹക്ക് അധികാരത്തിലേറിയ 1988 ലായിരുന്നു അംഗീകരിക്കപ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: