ഒപ്പെല്‍ സാഫിറ കാറുകള്‍ക്ക് സൗജന്യ സുരക്ഷ പരിശോധന; കാറിന് തീപിടിക്കുന്നത് അതീവ ഗൗരവമായി കാണുന്നുവെന്ന് കമ്പനി

ഡബ്ലിന്‍: ഒപ്പെല്‍ കാറുകള്‍ക്ക് തീപിടിക്കുന്നതുമായി ബന്ധപ്പെട്ട് അയര്‍ലന്‍ഡിലെ ഓപ്പെല്‍ കാറുകള്‍ക്ക് സൗജന്യ സുരക്ഷ പരിശോധന നടത്താന്‍ കമ്പനി അവസരമൊരുക്കുന്നു. കാറുകള്‍ക്ക് തീപിടിച്ച സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കമ്പനി അറിയിച്ചു. 2005 മുതല്‍ 2014 വരെയുള്ള മാനുവല്‍ എസി ഉള്ളതോ എസി ഇല്ലാത്തതോ ആയ സഫീറ ബി ഒപ്പെല്‍ കാറുടമകള്‍ക്ക് സൗജന്യ പരിശോധനയ്ക്കായി ഡീലര്‍മാരെ സമീപിക്കാം.

ഹീറ്റിംഗ്, വെന്റിലേഷന്‍ പാര്‍ട്ട്‌സുകള്‍ക്ക് എന്തെങ്കിലും തകരാറുള്ളതായി പരിശോധനയില്‍ കണ്ടെത്തിയാല്‍ പാര്‍ട്ട്‌സുകള്‍ സൗജന്യമായി കമ്പനി മാറ്റിവെച്ചു തരും. കാറുകള്‍ക്ക് തീപിടിച്ച സംഭവം ഗൗരവമായി കാണുന്നുവെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. 2005 മുതല്‍ 2012 വരെ 8000 ഒപ്പെല്‍ സാഫിറ കാറുകളാണ് അയര്‍ലന്‍ഡില്‍ രജിസ്‌ററര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ എട്ടെണ്ണം മാത്രമാണ് തകരാറുള്ളതായി കണ്ടെത്തിയതെന്ന് കമ്പനി അവകാശപ്പെടുന്നു.

കഴിഞ്ഞ ദിവസം കോഫെറി പാസേജില്‍ ഒരു ഒപ്പെറ കാറിന് തീപിടിച്ചിരുന്നു. ഡാഷ്‌ബോര്‍ഡ് ഭാഗത്താണ് തീപിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ബ്രിട്ടനില്‍ ഇത്തരത്തിലുള്ള 130 ഓളം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഉപഭോക്താക്കളുടെ സുരക്ഷയാണ് കമ്പനിക്ക് വലുത്. അപകടമുണ്ടായ കാറുകള്‍ തെറ്റായി സര്‍വീസ് നടത്തിയതോ വ്യാജ പാര്‍ട്ട്‌സുകള്‍ ഘടിപ്പിച്ചതോ ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒപ്പെല്‍ കസ്റ്റമര്‍ അസിസ്റ്റന്‍സുമായി ബന്ധപ്പെടാവുന്നതാണെന്നും കമ്പനി അറിയിച്ചു.

ഫോണ്‍: (01) 5339818

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: