അയര്‍ലന്‍ഡ് താരം ടെറി ഫെലാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ച്

 

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ കോച്ചായി മുന്‍ അയര്‍ലന്‍ഡ് താരം ടെറി ഫെലാന്‍ നിയമിതനായി. നിലവില്‍ ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടറാണ് ടെറി ഫെലാന്‍. ഏപ്രില്‍ മുതല്‍ ടീമിന്റെ ഗ്രാസ് റൂട്ട് ലെവല്‍ കോച്ചാണ് ഫെലാന്‍.

ബ്ലാസ്‌റ്റേഴ്‌സിന്റെ ഫുട്‌ബോള്‍ സ്‌കൂളിന്റെ ഭാഗമായി ഒരു വര്‍ഷമായി ഫെലാന്‍ പ്രവര്‍ത്തിക്കുന്നെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച നിലയിലുള്ളതാണെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് സിഇഒ വിരന്‍ ഡിസില്‍വ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. സീസന്റെ തുടക്കം മുതല്‍ കളിക്കാരുമായി ഫെലാന് അടുപ്പമുണ്ടെന്നും അദ്ദേഹത്തിന്റെ രീതികള്‍ കളിക്കാര്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുമെന്നും ഡിസില്‍വ പറയുന്നു.

സീസണില്‍ ടീമിന്റെ തുടര്‍ച്ചയായ തോല്‍വികളെ തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ചായിരുന്ന പീറ്റര്‍ ടെയ്‌ലര്‍ രാജിവെച്ചിരുന്നു. ഇതേതുടര്‍ന്ന് സഹകോച്ചായ ട്രെവര്‍ മോര്‍ഗനാണ് ടീമിനെ പരിശീലിപ്പിച്ചിരുന്നത്. മോര്‍ഗന്റെ ശിക്ഷണത്തിലാണ് ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയത്.

42 മത്സരങ്ങളില്‍ അയര്‍ലന്‍ഡ് ദേശീയ ടീമിനായി ഇറങ്ങിയിട്ടുള്ള താരമാണ് ഫെലാന്‍. 1994ലെ ലോകകപ്പ് ടീമിലും അംഗമായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, എവര്‍ട്ടണ്‍ ടീമുകള്‍ക്കായും അദ്ദേഹം ജേഴ്‌സി അണിഞ്ഞിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: