തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിംഗ് തുട

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിംഗ് തുടങ്ങി. ഏഴ് ജില്ലകളില്‍ 9,220 സീറ്റുകളിലേക്ക് 31,161 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുമ്പോള്‍ വിധിയെഴുത്തിനായി എത്തുന്നത് 1.11 കോടി വോട്ടര്‍മാരാണ്. ഉടനീളം 15,096 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. വിജയപ്രതീക്ഷയിലാണ് ഇരു മുന്നണികളും ബിജെപിയും. ആദ്യഘട്ട പോളിംഗ് രാവിലെ 7 മണി മുതല്‍ വൈകിട്ട് 5 മണിവരെ നടക്കും. 38,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സുരക്ഷിതമായ തെരഞ്ഞെടുപ്പിന്ന സജ്ജമാക്കിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക. ഇതാദ്യമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രം ഉപയോഗിക്കുകയാണ്.

കണ്ണൂരില്‍ പുതിയതായി രൂപീകരിച്ച ഒരു കോര്‍പ്പറേഷന് പുറമേ ഗ്രാമപഞ്ചായത്ത്, ബ്‌ളോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കും ജനവിധി നടക്കും. മത്സര രംഗത്തുള്ള ഫസല്‍വധകേസ് പ്രതികള്‍ കാരായി രാജന്റെയും ചന്ദ്രശേഖരന്റെയും സാന്നിദ്ധ്യമാണ് കണ്ണൂരിനെ ശ്രദ്ധേയമാക്കുന്നത്. ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകള്‍ ഇവിടെയാണ്. 643 ബൂത്തുകള്‍ ഈ വിഭാഗത്തിലായതോടെ കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 1022 ബൂത്തുകളില്‍ വെബ്ക്യാം നിരീക്ഷണം ഉണ്ടാകും. മൂന്ന് കമ്പനി സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
കാസര്‍ഗോട്ട് 1406 പോളിംഗ് സ്‌റ്റേഷനാണ് ഒരുക്കിയിട്ടുള്ളത്. 410 ബൂത്തുകള്‍ പ്രത്യേക ഭാഷാപദവിക്കാര്‍ക്ക് വേണ്ടിയുണ്ട്. കനത്ത മത്സരമാണ് ഇവിടെ നടക്കുന്നത്. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് ഒപ്പം ബിജെപിയും ഇവിടെ ശക്തമായ സ്വാധീനം ചെലുത്തുന്നു.

കിഴക്കന്‍ മേഖലകളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും മുന്‍തൂക്കമുള്ള പ്രദേശങ്ങളാണെങ്കില്‍ വടക്കന്‍ മേഖലയില്‍ ബിജെപിയും മുസഌംലീഗിനും സ്വാധീനമുണ്ട്.കോഴിക്കോട് 66 കേന്ദ്രങ്ങള്‍ പ്രശ്‌നാധിഷ്ഠിത മേഖലയായി വിലയിരുത്തുന്നു. 48 കേന്ദ്രങ്ങളില്‍ വെബ്ക്യാം അടക്കമുള്ള സംവിധാനമുണ്ട്. 5971 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ ജനവിധി തേടുന്നത്. മൂന്ന് പ്രധാന വാര്‍ഡുകളില്‍ ബിജെപി എസ്എന്‍ഡിപി സഖ്യം മത്സത്തിനുണ്ട്. ഏഴ് മുനിസിപ്പാലിറ്റിയിലേക്കും 70 ഗ്രാമപഞ്ചായത്തിലേക്കും ഈ ജില്ലയില്‍ മത്സരം നടക്കും.

പെണ്ണൊരുമ, ഹൈറേഞ്ച് സംരക്ഷണസമിതി എന്നിവര്‍ ഇടുക്കിയില്‍ ജനവിധി തേടുന്നുണ്ട്. ഹൈറേഞ്ച് സംരക്ഷണ സമിതി ഇടതിനൊപ്പമാണ് മത്സരിക്കുന്നത്. തോട്ടം മേഖലയില്‍ ശക്തമായ ഒരു സമരത്തിലൂടെ അവകാശങ്ങള്‍ നേടിയെടുത്ത പെണ്ണൊരുമാണ് തെരഞ്ഞെടുപ്പ് രംഗത്തെ ഏറ്റവും വലിയ പ്രത്യേകത. തൊടുപുഴ രണ്ടു പഞ്ചായത്തുകളില്‍ കേരളാകോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ സൗഹൃദ മത്സരം നടക്കുന്ന സ്ഥലം കൂടിയാണ് ഇടുക്കി. രണ്ടു മുനിസിപ്പാലിറ്റിയിലേക്കും 52 ഗ്രാമപഞ്ചായത്തിലേക്കുമാണ് മത്സരം നടക്കുന്നത്.

Share this news

Leave a Reply

%d bloggers like this: