അയർലണ്ടിൽ ഇലക്ട്രിക്ക് കാറുകൾക്ക് പ്രിയം കുറയുന്നു; ഈ വർഷം ഏറ്റവുമധികം വിൽക്കപ്പെട്ടത് ഹ്യുണ്ടായുടെ ഈ മോഡൽ

അയര്‍ലണ്ടില്‍ ഇലക്ട്രിക് കാറുകള്‍ക്ക് പ്രിയം കുറയുന്നു. ഈ വര്‍ഷം ഇതുവരെ 19.1% ഇടിവാണ് ഇവി വില്‍പ്പനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏപ്രിലില്‍ മാത്രം 41% വില്‍പ്പന കുറഞ്ഞു.

ഈ വര്‍ഷം ഇതുവരെ 9,028 പുതിയ ഇവികളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. ആകെ വില്‍പ്പന നടത്തിയ കാറുകളുടെ 12.7% ആണിത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ വില്‍പ്പന നടന്ന ആകെ കാറുകളില്‍ 16% ആയിരുന്നു ഇവി.

പെട്രോൾ, ഡീസൽ, ഹൈബ്രിഡ് വിൽപ്പനയിൽ വളർച്ച

മറുവശത്ത് പെട്രോള്‍, ഡീസല്‍, ഹൈബ്രിഡ് കാറുകളുടെ വില്‍പ്പന ഈ വര്‍ഷം വര്‍ദ്ധിക്കുന്നതായാണ് കാണുന്നത്. ഇതുവരെ വില്‍പ്പന നടന്നതില്‍ 33 ശതമാനവും പെട്രോള്‍ കാറുകളാണ്. 23.6% ഡീസല്‍, 21% റെഗുലര്‍ ഹൈബ്രിഡ്‌സ്, 9% പ്ലഗ്-ഇന്‍ ഹൈബ്രിഡ്‌സ് എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

ഇവി നിരയില്‍ ഏറ്റവുമധികം വില്‍പ്പന നടക്കുന്ന ഫോക്‌സ്‌വാഗന്‍ ഈ വര്‍ഷം 44% ഇടിവാണ് ഇവി വില്‍പ്പനയില്‍ നേരിട്ടത്. ഹ്യുണ്ടായുടെ ഇവി വില്‍പ്പന 40 ശതമാനവും കുറഞ്ഞു. ടെസ്ല രേഖപ്പെടുത്തിയത് 6% ഇടിവാണ്.

വളർച്ച നേടി കാർ വിപണി

ഇവി വില്‍പ്പന കുറഞ്ഞെങ്കിലും ഈ വര്‍ഷം ഇതുവരെ ഐറിഷ് കാര്‍ വിപണി 6% വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 71,110 പുതിയ രജിസ്‌ട്രേഷനുകളാണ് ആദ്യ നാല് മാസങ്ങളിലായി നടന്നിട്ടുള്ളത്. പക്ഷേ ഏപ്രില്‍ മാസത്തെ മാത്രം കണക്കെടുത്താല്‍ മുന്‍ ഏപ്രിലിനെ അപേക്ഷിച്ച് വില്‍പ്പന 3.6% കുറഞ്ഞിട്ടുണ്ട്.

അപ്രമാദിത്വം തുടർന്ന് ടൊയോട്ട

രാജ്യത്ത് ഏറ്റവുമധികം കാറുകള്‍ വില്‍ക്കുന്ന കമ്പനിയായി ടൊയോട്ട തന്നെ തുടരുകയാണ്. ആകെ രജിസ്‌ട്രേഷനില്‍ 10,685-ഉം ടൊയോട്ട കാറുകളാണ്. 7,578 രജിസ്‌ട്രേഷനുകളുമായി സ്‌കോഡ രണ്ടാം സ്ഥാനത്തും, തൊട്ടുപിന്നാലെ 7,525 കാറുകളുടെ വില്‍പ്പനയുമായി ഫോക്‌സ്‌വാഗണ്‍ മൂന്നാം സ്ഥാനത്തുമുണ്ട്. നാലാം സ്ഥാനത്തുള്ള ഹ്യുണ്ടായ് 6,655 കാറുകള്‍ വിറ്റപ്പോള്‍, 5,221 കാറുകളുടെ വില്‍പ്പനയുമായി കിയ അഞ്ചാം സ്ഥാനത്തെത്തി.

ഏറ്റവുമധികം വിൽക്കപ്പെട്ട മോഡൽ ഏത്?

ആകെ കാര്‍ വില്‍പ്പനയില്‍ നാലാം സ്ഥാനത്താണെങ്കിലും, രാജ്യത്ത് ഏറ്റവുമധികം പേര്‍ വാങ്ങിയ മോഡല്‍ ഹ്യുണ്ടായ് കമ്പനിയുടെ Tuscon ആണ്. ഈ വര്‍ഷം ഇതുവരെ 3,264 പേരാണ് ഈ വാഹനം സ്വന്തമാക്കിയത്. 2,881 കാറുകളുമായി സ്‌കോഡ ഒക്ടേവിയ രണ്ടാം സ്ഥാനത്തും, 2,350 എണ്ണവുമായി കിയ സ്‌പോര്‍ട്ടേജ് മൂന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: