വോട്ടെടുപ്പ് പുരോഗമിക്കുന്നു,രണ്ടുമണിവരെ 52 ശതമാനം പോളിംഗ്

 
തിരുവനന്തപുരം: ഏഴ് ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പു പുരോഗമിക്കുകയാണ്.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വിധിയെഴുത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ 52 ശതമാനം പോളിംഗ്. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു.

രണ്ടു മണിക്ക് തിരുവനന്തപുരം-50, കൊല്ലം-45 എന്നിങ്ങനെയാണ് തെക്കന്‍ ജില്ലകളിലെ പോളിംഗ്. മധ്യകേരളത്തില്‍ ഇടുക്കിയില്‍ മാത്രമാണ് ഇന്നു വോട്ടെടുപ്പ്. ഉച്ചവരെ ജില്ലയില്‍ 56 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കോഴിക്കോട്- 50, വയനാട്- 52, കണ്ണൂര്‍- 58, കാസര്‍ഗോഡ്- 60 എന്നിങ്ങനെയാണ് വടക്കന്‍ ജില്ലകളിലെ പോളിംഗ് ശതമാനം.

രാവിലെ സംസ്ഥാനത്ത് ഒട്ടാകെ പെയ്ത കനത്ത മഴയാണ് പോളിംഗ് ശതമാനം കുറയാന്‍ കാരണമായിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴയെത്തുടര്‍ന്ന് മന്ദഗതിയിലാണ് വോട്ടെടുപ്പ് തുടങ്ങിയത്. എന്നാല്‍ മഴമാറിയതോടെ വോട്ടമാര്‍ കൂട്ടമായി എത്തിതുടങ്ങിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം പോളിംഗ് ശതമാനം ഉയരുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതീക്ഷ.

ഇടുക്കിയില്‍ രാവിലെ മുതല്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തുന്നുണ്ട്. തോട്ടം തൊഴിലാളി സമരം അടക്കം സംഭവബഹുലമായിരുന്ന ഇടുക്കിയിലെ തെരഞ്ഞെടുപ്പ് ഇടതു-വലതു മുന്നണികള്‍ക്ക് നിര്‍ണായകമാണ്. വടക്കന്‍ ജില്ലകളില്‍ ഭേദപ്പെട്ട പോളിംഗ് നടക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം പോളിംഗ് ഉയരുമെന്നാണ് പ്രതീക്ഷ.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ നിരവധി ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് പോളിംഗ് തടസപ്പെട്ടു. കണ്ണൂര്‍ പരിയാരത്ത് അഞ്ച്, ആറ് വാര്‍ഡുകളില്‍ വെബ്കാസ്റ്റിംഗ് കാമറ തകര്‍ത്തതിനെ തുടര്‍ന്ന് പോളിംഗ് അരമണിക്കൂറോളം നിര്‍ത്തിവയ്ക്കുകയും ചെയ്തു.

കണ്ണൂര്‍ പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് ബൂത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ സിപിഎം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കൊല്ലത്ത് പെരിനാടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ അജ്ഞാത സംഘം ആക്രമിച്ചു. തലയ്ക്ക് പരിക്കേറ്റ പരിനാട് 18-ാം വാര്‍ഡിലെ സ്ഥാനാര്‍ഥി ലെറ്റസ് ജെറോമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാഞ്ഞങ്ങാട് അജാനൂര്‍ പഞ്ചായത്തു പരിധിയിലെ മാവുങ്കാല്‍ മൂലക്കണ്ടത്ത് കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. വിവരമറിഞ്ഞെത്തിയ പോലീസിനെയും ഒരു സംഘം ആക്രമിച്ചു. അക്രമത്തില്‍ കാഞ്ഞങ്ങാട് സ്‌റ്റേഷനിലെ എഎസ്‌ഐക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകനും പരിക്കേറ്റു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകനായ വിജിലാലിനെ(32) അറസ്റ്റു ചെയ്തു.

പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി, വക്താവ് എം.എം.ഹസന്‍, കെ.എസ്.ശബരീനാഥന്‍ എംഎല്‍എ, മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍, മന്ത്രി വി.എസ്.ശിവകുമാര്‍, എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, മന്ത്രിമാരായ ഷിബു ബേബി ജോണ്‍, പി.ജെ.ജോസഫ്, എം.കെ.മുനീര്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിബി അംഗം പിണറായി വിജയന്‍, പി.കെ.ശ്രീമതി എംപി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍, എം.കെ.രാഘവന്‍ എംപി തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി.

വോട്ടെടുപ്പിനോട് അനുബന്ധിച്ച് ഏഴു ജില്ലകളിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. 500 തദ്ദേശ സ്ഥാപനങ്ങളിലെ 9,220 വാര്‍ഡുകളിലായി മത്സരിക്കുന്ന 31,161 സ്ഥാനാര്‍ഥികളുടെ ജനവിധിയാണ് ഇന്നു നിര്‍ണയിക്കുന്നത്.
9220 വാര്‍ഡുകളിലായി 1.11 കോടി വോട്ടര്‍മാരാണ് ഈ ഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.
-എജെ-

Share this news

Leave a Reply

%d bloggers like this: