ചന്ദ്രബോസ് വധക്കേസില്‍ നിസാമിനെതിരെ മൂന്നാം സാക്ഷി ബേബിയും മൊഴി നല്‍കി

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ നിസാമിനെതിരെ മൂന്നാം സാക്ഷി ബേബിയും മൊഴി നല്‍കി. ചന്ദ്രബോസ് ആക്രമിക്കപ്പെടുന്നത് കണ്ടത് മുതലുളള സംഭവങ്ങള്‍ ബേബി കോടതിയില്‍ വിശദീകരിച്ചു. ബേബിയുടെ പ്രതിഭാഗം വിസ്താരം നാളെയും തുടരും. ചന്ദ്രബോസിനെ നിസാം ആക്രമിക്കുന്നതും കാറിടിച്ച് തെറിപ്പിക്കുന്നതും കണ്ടെന്നാണ് മൂന്നാം സാക്ഷി ബേബി കോടതിയില്‍ മൊഴി നല്‍കിയത്. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ബേബി നേരത്തെ മജിസ്‌ട്രേറ്റിനും പൊലീസിനും നല്‍കിയ മൊഴികളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

നിസാം ഗേറ്റിനടുത്തെത്തി ബഹളമുണ്ടാക്കുന്നത് മുതലാണ് സംഭവം കാണുന്നതെന്ന് ബേബി കോടതിയില്‍ പറഞ്ഞു. സെക്യൂരിറ്റി ക്യാബിന്‍ തകര്‍ത്ത് നിസാം ചന്ദ്രബോസിനെ മര്‍ദിക്കുന്നതും വണ്ടിയിടിപ്പിക്കുന്നതും വിശദീകരിച്ചു. ബോസിനെ ആക്രമിക്കാനുപയോഗിച്ച വടിയും തിരിച്ചറിഞ്ഞു. മറ്റ് സാക്ഷികളോടെന്നപോലെ ബേബിയുടെ മൊഴികളിലെ സമയം സംബന്ധിച്ച വൈരുദ്ധ്യങ്ങളില്‍ ഊന്നിയായിരുന്നു പ്രതിഭാഗം വിസ്താരം. എന്നാല്‍ ബേബി തന്റെ മൊഴിയില്‍ ഉറച്ചുനിന്നതോടെ കാര്യമായ വൈരുദ്ധ്യങ്ങള്‍ തെളിയിക്കാന്‍ പ്രതിഭാഗത്തിനായില്ല. സംഭവ ദിവസം ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ ഹാജര്‍ നിലയെക്കുറിച്ചും പ്രതിഭാഗം ചോദ്യങ്ങളുന്നയിച്ചു.

ഒന്നാം സാക്ഷി അനൂപും രണ്ടാം സാക്ഷി അജീഷും നേരത്തെ നിസാമിനെതിരെ മൊഴി നല്‍കിയിരുന്നു. സഹോദരന്‍മാരുമായി സംസാരിക്കാന്‍ നിസാമിന് കോടതി അഞ്ച് മിനിറ്റ് അനുവദിച്ചു.

Share this news

Leave a Reply

%d bloggers like this: