തിരുവനന്തപുരം : ബാര്‍ കോഴക്കേസിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജിവെക്കില്ലെന്നുറച്ച് മന്ത്രി കെ.എം മാണി. താന്‍ മനസാക്ഷിയോട് തെറ്റുചെയ്തിട്ടില്ലെന്നും കോടതി പരാമര്‍ശങ്ങള്‍ തനിക്കെതിരല്ലെന്നും മാണി പറഞ്ഞു. അതേസമയം, കെ.എം മാണിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും കാത്തിരുന്ന് കാണാമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
മാണിക്കെതിരെ ഒരു വാക്കുപോലും ഹൈക്കോടതി പറഞ്ഞിട്ടില്ലെന്ന നിലപാടാണ് കേരളാ കോണ്‍ഗ്രസ് നേതാക്കളും സ്വീകരിച്ചിരിക്കുന്നത്. മാണിയുടെ രാജി ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പ്രതികരിച്ചു. ഹൈക്കോടതി വിധിയുടെ യാഥാര്‍ത്ഥ്യം മനസിലാക്കാതെ ചിലര്‍ അപമാനിക്കുകയാണെന്നും ഉണ്ണിയാടന്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് ചിലര്‍ക്ക് ഭാരമായി തോന്നിയിരിക്കുന്നുവെന്നും മാണിയുടെ രാജിക്കാര്യം ആവശ്യപ്പെടുന്നത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും കേരളാ കോണ്‍ഗ്രസ് (എം) നേതാവ് സി.എഫ് തോമസ് പ്രതികരിച്ചു.