ഫ്രാന്‍സ് ആക്രമണം…ഒരാളെ തിരിച്ചറിഞ്ഞു

പാരീസ്: പാരീസ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ബെല്‍ജിയം പോലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ പങ്കെടുത്ത ഇസ്മയില്‍ ഒമര്‍ മുസ്തഫ എന്ന തീവ്രവാദിയെ തിരിച്ചറിയുകയും ചെയ്തു. എട്ട് പേരടങ്ങിയ ഭീകരര്‍ മൂന്ന് സംഘമായാണ് പാരീസില്‍ ആക്രമണം നടത്തിയതെന്നാണ് പോലീസ് നിഗമനം. അക്രമണങ്ങള്‍ നടന്ന സ്ഥലത്തുനിന്നും ബെല്‍ജിയത്തില്‍ രജിസ്റ്റര്‍ചെയ്ത രണ്ട് കാറുകള്‍ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ അറസ്റ്റു ചെയ്തത്.

മൊറാക്കോയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും കുടിയേറിയവരെ പുനരധിവസിപ്പിച്ചിട്ടുള്ള മൊളാന്‍ബിക് നഗരത്തില്‍ നിന്നാണ് ഇവര്‍ പിടിയിലായത് എന്നാണ് സൂചന. ബെല്‍ജിയത്തില്‍ നിന്നും വാടകയ്‌ക്കെടുത്ത ഒരു കാര്‍ അക്രമണത്തിനായി ഉപയോഗിച്ചിട്ടുണ്ട് എന്നും കണ്ടെത്തിയിട്ടുണ്ട്. ബ്രസല്‍സില്‍ സ്ഥിരതാമസമാക്കിയ ഒരു ഫ്രഞ്ച്പൗരനാണ് ഈ കാര്‍ വാടകക്ക് എടുത്തിരിക്കുന്നത്. ഈ കാര്‍ കഴിഞ്ഞ ബെല്‍ജിയം അതിര്‍ത്തി കടന്നതായും രേഖകളിലുണ്ട്.

ഇസ്മയില്‍ ഒമര്‍ മുസ്തഫ പാരീസിനു സമീപമുള്ള കുര്‍കുറോണ്‍ സ്വദേശിയാണ് . ബാറ്റാക്ലാന്‍ മ്യൂസിക് ഹാളില്‍ നടത്തിയ അക്രമണത്തിനിടെ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു ഇയാള്‍.

സ്‌റ്റെദ് ഡി ഫ്രാന്‍സ് സ്‌റ്റേഡിയത്തിന് സമീപത്ത് സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് സിറിയന്‍ പാസ്‌പോര്‍ട്ട് കണ്ടെത്തി. 1990ല്‍ ജനിച്ച ആളുടെ പാസ്‌പോര്‍ട്ടാണിത്. അഭയാര്‍ഥിയായി ഗ്രീസിലെത്തിയ ആളുടേതാണ് പാസ്‌പോര്‍ട്ട് എന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

Share this news

Leave a Reply

%d bloggers like this: