മുംബൈ ഭീകരാക്രമണം: ഹെഡ്‌ലിയെ മാപ്പു സാക്ഷിയാക്കാന്‍ തീരുമാനിച്ചു

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസില്‍ മാപ്പു സാക്ഷിയാകാന്‍ തയാറാണെന്ന് ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ പാക്കിസ്ഥാനി-അമേരിക്കന്‍, ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. മുംബൈ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ നടത്തിയ വിചാരണയിലാണ് ഹെഡ്‌ലി ഇക്കാര്യം അറിയിച്ചത്. ‘മുംബൈ ഭീകരാക്രമണത്തിന്റെ കുറ്റമേറ്റെടുക്കുന്നു. കേസില്‍ തന്റെ പങ്ക് നേരത്തെ സമ്മതിച്ചിരുന്നു. മാപ്പുസാക്ഷിയാക്കിയാല്‍ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താം’-ഹെഡ്‌ലി പറഞ്ഞു.

കുറ്റസമ്മതം നടത്തിയ പശ്ചാത്തലത്തില്‍ ഹെഡ്‌ലിയെ മാപ്പു സാക്ഷിയാക്കാന്‍ മുംബൈ ടാഡ കോടതി തീരുമാനിച്ചു. ഹെഡ്‌ലി കുറ്റസമ്മതം നടത്തിയതു കണക്കിലെടുത്താണ് കോടതിയുടെ നടപടി. 2008 നവംബര്‍ 26നുണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സയീദ് സിയാബുദീന്‍ അന്‍സാരിക്കൊപ്പം (അബു ജുന്‍ഡാല്‍) ഹെഡ്‌ലിയെയും വിചാരണ ചെയ്തത്. യുഎസില്‍ തടവില്‍ കഴിയുന്ന ഹെഡ്‌ലിക്ക് സമന്‍സ് അയച്ചാണ് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം വഴി വിചാരണയ്ക്ക് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

ഹെഡ്‌ലിയെയും വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ടു മുംബൈ പോലീസ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണു ഹെഡ്‌ലിയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചത്. ഹെഡ്‌ലിയെ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം വഴി കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ടു യുഎസ് ഇല്ലിനോയി ജില്ലാ കോടതിയില്‍ മുംബൈ പോലീസ് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.

മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത പാക് ഭീകര സംഘടന ലഷ്‌കര്‍ ഇ തോയ്ബയില്‍ അംഗമായ ഹെഡ്‌ലി, ഭീകരാക്രണങ്ങള്‍ നടത്താന്‍ അല്‍ ക്വയ്ദയുമായും സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. മുംബൈ ആക്രമണത്തിനുശേഷം 2009 ഒക്‌ടോബറില്‍ ഷിക്കാഗോ വിമാനത്താവളത്തില്‍നിന്നാണ് ഹെഡ്‌ലിയെ പിടികൂടിയത്.
-എജെ-

Share this news

Leave a Reply

%d bloggers like this: