യുഎസ് വിസ പരിശോധനകള്‍ ശക്തമാക്കുന്നു;വിസ വേവിയര്‍ പദ്ധതി നിര്‍ത്തലാക്കുമോ എന്ന ആശങ്ക വ്യാപകം

ഡബ്ലിന്‍: പാരീസിലെയും കാലിഫോര്‍ണിയയിലെയും ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെത്തുന്ന വിദേശ പൗരന്‍മാരുടെ വിസ പരിശോധനകള്‍ കര്‍ശനമാക്കുന്നതിനനുകൂലമായി യുഎസ് പ്രതിനിധി സഭ വോട്ട് രേഖപ്പെടുത്തി. യു.എസിലേക്ക് യാത്ര ചെയ്യാന്‍ 38 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് നല്‍കിയിരുന്ന വിസ ഇളവുകളില്‍ നിയന്ത്രണമേര്‍പ്പെടുത്താനാണ് നീക്കം.

നിലവില്‍ അയര്‍ലന്‍ഡുള്‍പ്പെടെയുള്ള 38 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ കൂടാതെ 90 ദിവസം വരെ യു.എസില്‍ താമസിക്കാനുള്ള അവസരമാണ് വിസ വേവിയര്‍ സ്‌കീമിലൂടെ ലഭിച്ചിരുന്നത്. ഇളവുകളുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇറാഖ്, സിറിയ തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് യു.എസിലെത്താന്‍ വിസ നിര്‍ബന്ധമാക്കും. ആഭ്യന്തര സുരക്ഷാ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ കൗണ്ടര്‍ ടെററിസം സ്‌ക്രീനിംഗ് പേജില്‍ യാത്രികര്‍ തങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തണം, സ്‌ക്രീനിംഗ് ടെസ്റ്റ് പരാജയപ്പെടുന്നവര്‍ മറ്റ് രാജ്യങ്ങളിലുള്ളവര്‍ അപേക്ഷിക്കുന്നതു പേലെ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷ നല്‍കണം.

പാരീസ് ആക്രമണം നടത്തിയവര്‍ ബെല്‍ജിയം, ഫ്രാന്‍സ് എന്നിവിടങ്ങളിലുള്ളവരാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പരിശോധനകള്‍ കര്‍ശനമാക്കുന്നത്. അമേരിക്കന്‍ പൗരന്മാരെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന വിദേശികളെ യു.എസില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്ന ഫിയാന്‍സി വിസ(K-1) പദ്ധതിയും പുനഃപരിശോധനയ്ക്ക് വിധേയമാക്കും.

വിസ വേവിയര്‍ സ്‌കീം നിയന്ത്രിക്കാനോ പൂര്‍ണമായും നിര്‍ത്തലാക്കാനോ സാധ്യതയുണ്ടെന്ന് ഫ്‌ളോറിഡയിലെ ഐറിഷ് ഇമിഗ്രേഷന്‍ അറ്റോണി കാരോ കിന്‍സില സൂചിപ്പിക്കുന്നു. അതായത് ഐറിഷ് പൗരന്‍മാര്‍ക്ക് യുഎസിലെത്താന്‍ യുഎസ് കോണ്‍സുലേറ്റിന്റെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടിവരും.

Share this news

Leave a Reply

%d bloggers like this: