മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ കാരണം ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്ന് വെള്ളാപ്പള്ളി നടേശന്റെ ഓഫീസ്

തിരുവനന്തപുരം: ആര്‍. ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ കാരണം ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്ന് വെള്ളാപ്പള്ളി നടേശന്റെ ഓഫീസ്. എന്നാല്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ടിനെ കുറിച്ച് അറിവില്ലെന്ന് ഐ.ബി വ്യക്തമാക്കി.

മുഖ്യമന്ത്രിയെ അവഹേളിക്കുംവിതം ചടങ്ങില്‍നിന്നും ഒഴിവാക്കിയതിനെതിരെ പല ഭാഗങ്ങളില്‍നിന്നും പ്രതിഷേധം ശക്തമായതോടെയാണ് രഹസ്യാന്വേഷണ വിഭാഗത്തെ പഴിച്ച് വെള്ളാപ്പള്ളിയുടെ ഓഫീസ് രംഗത്തെത്തിയത്. വിവാദ പ്രസ്താവനയില്‍ വെള്ളാപ്പള്ളിക്ക് എതിരെ കേസെടുത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കാനെത്തിയാല്‍ എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ പ്രശ്‌നമുണ്ടാക്കുമെന്നായിരുന്നു ഐ.ബി റിപ്പോര്‍ട്ടെന്ന് വെള്ളാപ്പള്ളിയുടെ ഓഫീസ് പറയുന്നു. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയതെന്നാണ് ഓഫീസിന്റെ വിശദീകരണം.

എന്നാല്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ടില്ലെന്ന് ഐ.ബി പറയുന്നു. ഇത്തരം ഒരു റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കില്‍ അത് ആദ്യമറിയേണ്ടത് മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയാണെന്നും ഐ.ബി വൃക്തമാക്കുന്നു. ഇതോടെ രഹസ്യാന്വേഷണ വിഭാഗത്തെ പഴിചാരി പ്രശ്‌നത്തില്‍നിന്നും തലയൂരാനുള്ള വെള്ളാപ്പള്ളിയുടെ ഓഫീസിന്റെ ശ്രമവും പാളി.

ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ദുഖമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നു പറഞ്ഞ വെള്ളാപ്പള്ളി, ചടങ്ങ് സ്വകാര്യ പരിപാടിയാണെന്നും സര്‍ക്കാര്‍ പരിപാടിയല്ലെന്നും വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: