കേരളത്തില്‍ രാഷ്ട്രീയ തൊട്ടുകൂടായ്മ, മൂന്നാം ശക്തി ഉദയം ചെയ്തുവെന്ന് മോദി

 

തൃശൂര്‍: തൊട്ടുകൂടായ്മയ്‌ക്കെതിരേ നവോത്ഥാന നായകര്‍ പ്രവര്‍ത്തിച്ച കേരളത്തില്‍ രാഷ്ട്രീയ തൊട്ടുകൂടായ്മയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് ഏറ്റവുമധികം വെല്ലുവിളി നേരിടേണ്ടിവന്നത്. അധികാരം അകലെയായിട്ടും ബിജെപിക്കായി പ്രവര്‍ത്തിക്കാന്‍ കാണിച്ച നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ശിരസ് നമിക്കുന്നുവെന്നും തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ബി.ജെ.പി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കവെ മോദി പറഞ്ഞു.

പ്രധാനമന്ത്രിയായ ശേഷം കേരളത്തില്‍ എത്താന്‍ ഇത്രയും വൈകിയതില്‍ ക്ഷമ ചോദിച്ചുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. ശബരിമല സന്ദര്‍ശനത്തോടെ കേരളത്തില്‍ തുടങ്ങണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ തീര്‍ഥാടകരുടെ സന്ദര്‍ശനത്തിന് തടസ്സമുണ്ടാകാതെ ദര്‍ശനം വേണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് അത് മാറ്റിവെച്ചത്. രാഷ്ട്രീയകൊലപാതകങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തിലാണെന്നും മോദി പറഞ്ഞു. അരനൂറ്റാണ്ടിനിടെ 200 ഓളം ബിജെപി പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടപ്പെട്ടു. കൊലപാതക രാഷ്ട്രീയം കേരളത്തിലെ പോലെ മറ്റെവിടെയുമില്ലെന്നും മോദി പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ മാറിചിന്തിക്കുന്നതിന്റെ സൂചനയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും ബി.ജെ.പിയെ അംഗീകരിച്ചു തുടങ്ങിയെന്നും മോദി പറഞ്ഞു. കേരളത്തില്‍ ബി.ജെ.പി എത്ര വോട്ടിന് തോറ്റു എന്നതായിരുന്നു ഇതുവരെയുള്ള ചര്‍ച്ച. എന്നാല്‍ ആ സാഹചര്യം മാറിയിരിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രവാസിക്ഷേമത്തിന് തന്റെ സര്‍ക്കാര്‍ അര്‍ഹമായ പരിഗണന നല്‍കി. ഭീകരരുടെ കൈയില്‍ അകപ്പെട്ട മലയാളി നഴ്‌സുമാരെ രക്ഷിക്കാന്‍ കഴിഞ്ഞത് നേട്ടമായി. വിദേശത്തു തൊഴിലെടുക്കുന്നവരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മെയ്ക് ഇന്‍ ഇന്ത്യ യുവാക്കളെ ലക്ഷ്യമിട്ടാണ്. കേരളത്തിലെ യുവാക്കള്‍ ഭാഷയുടെ കാര്യത്തിലും കഴിവിന്റെ കാര്യത്തിലും മുമ്പിലാണ്. സ്റ്റാര്‍ട്ട്പ്പ് പദ്ധതികള്‍ യുവാക്കള്‍ക്ക് വേണ്ടിയാണ്. സ്റ്റാര്‍ട്ടപ്പ് പദ്ധതികളില്‍ വനിതകള്‍ക്കും ദളിതര്‍ക്കും പ്രാമുഖ്യം നല്‍കും. അതിനായി പദ്ധതികള്‍ കൊണ്ടുവരും. പ്രതിസന്ധി നേരിടുന്ന റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി റബറിന്റെ ഇറക്കുമുതി ചുങ്കം വര്‍ധിപ്പിച്ചു. റബര്‍ ഇറക്കുമതിക്ക് നിയന്ത്രണവും പ്രത്യേക നികുതിയും ഏര്‍പ്പെടുത്തി. കര്‍ഷകരെ സഹായിക്കാനായി റബറിനെ മേക്കിങ് ഇന്ത്യ പദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലാണ്.

കേരളത്തില്‍ മൂന്നാമത്തെ ശക്തി ഉദയം ചെയ്തതുവെന്ന പ്രഖ്യാപനത്തോടെയാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്. ‘അഞ്ചു വര്‍ഷംകൂടുമ്പോള്‍ മാറി മാറി വരുന്ന ഇടത്, വലത് സര്‍ക്കാരുകളുടെ ഭരണത്തിലും കേരളത്തിന് കാര്യമായ മാറ്റമൊന്നുമുണ്ടാകുന്നില്ല. ഈ സ്ഥിതിവിശേഷം മാറണം. മൂന്നാം ശക്തിയുടെ ഉദയം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു. മൂന്നാംമുന്നണി കേരളത്തില്‍ ശിവന്റെ തൃക്കണ്ണാകും അത് സംസ്ഥാനത്തിന്റെ ഭാവിമാറ്റിമറിക്കുമെന്ന് മോദി പറഞ്ഞു. എല്ലാവര്‍ക്കും ക്രിസ്മസ് നവവത്സര ആശംസകള്‍ നേരുന്നുവെന്ന് പറഞ്ഞുകൊണ്ട് പ്രസംഗം അവസാനിപ്പിച്ചു.

നേരത്തെ, നാവിക വിമാനത്താവളത്തില്‍നിന്നു ഹെലികോപ്റ്ററിലാണു മോദി തൃശൂരിലെത്തിയത്. കുട്ടനെല്ലൂരിലെ ഹെലിപാഡില്‍നിന്നു റോഡ് മാര്‍ഗമാണു മോദി പൊതുസമ്മേളന വേദിയിലെത്തിയത്. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള മോദിയുടെ ആദ്യ കേരള സന്ദര്‍ശനമാണിത്. വൈകുന്നേരം 4.10നു വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നാവികസേനയുടെ വ്യോമതാവളത്തില്‍ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം വന്നിറങ്ങിയത്. പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സംസ്ഥാന മന്ത്രിമാര്‍, മേയര്‍ സൗമിനി ജെയിന്‍, സേനാ മേധാവികള്‍, ജനപ്രതിനിധികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു. അഞ്ചു മിനിറ്റ് മാത്രം നീണ്ട സ്വീകരണപരിപാടിക്കുശേഷം നാവികസേനയുടെ ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി തൃശൂരിലേക്കു തിരിക്കുകയായിരുന്നു. തൃശൂരിലെ പൊതുസമ്മേളനത്തിനുശേഷം റോഡുമാര്‍ഗം തിരിച്ച് കൊച്ചിയിലെ താജ് മലബാര്‍ ഹോട്ടലിലെത്തി അവിടെ തങ്ങും.

Share this news

Leave a Reply

%d bloggers like this: