കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനായി

പ്രഖ്യാപിച്ചു ന്യൂഡല്‍ഹി: കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന കുമ്മനത്തിന് വിമാനത്താവളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്. ആര്‍എസ്എസ് പ്രചാരകനില്‍ നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തെത്തുന്ന ആദ്യ നേതാവാണ് കുമ്മനം രാജശേഖരന്‍.

സംഘപരിവാറില്‍ തീവ്രഹൈന്ദവമുഖമായിരുന്ന കുമ്മനം ആറന്മുള വിമാനത്താവളവിരുദ്ധസമരത്തിലൂടെ സാമൂഹികവിഷയങ്ങളില്‍ ശ്രദ്ധാകേന്ദ്രമായി. രാഷ്ട്രീയപ്രസ്ഥാനത്തില്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. ഹിന്ദുത്വരാഷ്ട്രീയമായിരുന്നു എക്കാലവും കുമ്മനത്തിന്റെ സഞ്ചാരപാത. 1979ല്‍ വിശ്വഹിന്ദുപരിഷത്ത് കോട്ടയം ജില്ലാപ്രസിഡന്റ്, 81ല്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി. 83ലെ നിലയ്ക്കല്‍ പ്രക്ഷോഭം കുമ്മനത്തെ ജനശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതില്‍ നിര്‍ണായകമായി.

1987ല്‍ എഫ്‌സിഐയിലെ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ ആര്‍എസ്എസ് പ്രചാരകനായി. ഇതേവര്‍ഷം തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയത് സംഘപരിവാര്‍ മുന്നേറ്റത്തിലെ ശ്രദ്ധേയമായ ഏടാണ്. ഹിന്ദുത്വരാഷ്ട്രീയത്തില്‍ നിന്നും സാമൂഹിക രംഗത്ത് കുമ്മനത്തെ ശ്രദ്ധേയമാക്കിയത് ആറന്മുള വിമാനത്താവളവിരുദ്ധ സമരമാണ്. വിട്ടുവീഴ്ചയില്ലാത്ത കുമ്മനത്തിന്റെ പോരാട്ടം സമരത്തില്‍ നിര്‍ണ്ണായകം ആയിരുന്നു.

Share this news

Leave a Reply

%d bloggers like this: