ബാര്‍ കോഴ ക്കേസില്‍ മുന്‍മന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്

 തിരുവനന്തപുരം: ബാര്‍കോഴ ക്കേസില്‍ മുന്‍മന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് വീണ്ടും. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എസ്.പി. സുകേശന്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലാണ് മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടുള്ളത്. മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ല. പ്രോസിക്യൂട്ട് ചെയ്യാന്‍ തക്ക തെളിവുകള്‍ ഇല്ലാത്തതിനാല്‍ ബാര്‍കോഴ കേസ്  അവസാനിപ്പിക്കണമെന്നും എസ്.പി. സുകേശന്‍ കോടതിയോട് ആവശ്യപ്പെട്ടു. തെളിവായി ഉന്നയിക്കുന്ന ടെലഫോണ്‍ സംഭാഷങ്ങളുടെ കാര്യത്തില്‍ അവ്യക്തതയുണ്ട്.

എഡിറ്റ് ചെയ്ത ടെലഫോണ്‍ രേഖകള്‍ വിശദമായ പരിശോധന നടത്തേണ്ട ആവശ്യമില്ല. നിര്‍ണായ സാക്ഷികളായ ബാര്‍ അസോസിയേഷന്‍ നേതാക്കള്‍ കേസുമായി സഹകരിക്കുന്നില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്. കോടതി പിരിയാനിരിക്കെയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.  നേരത്തെ കണ്ടെത്തിയ തെളിവുകളില്‍ പൊരുത്തക്കേടുകളുണ്ട്. ബാര്‍ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ വന്നപ്പോള്‍ കെ.എം.മാണി മാറ്റിവെക്കാന്‍ നിര്‍ദേശിച്ചത് നിയമവകുപ്പ് നിര്‍ബന്ധമായും കാണേണ്ട ഫയലായതിനാലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പാലായിലെ മാണിയുടെ വീട്ടില്‍ പണമെത്തിച്ചതിന് നേരത്തേ ലഭിച്ച തെളിവുകള്‍ തെറ്റായിരുന്നു. പണമെത്തിച്ചുവെന്ന് പറയുന്ന ബാറുടമ സജി ഡൊമനിക് ആ സമയത്ത് പൊന്‍കുന്നത്തായിരുന്നെന്ന് മൊബൈല്‍ ടവര്‍ വഴിയുള്ള അന്വേഷണത്തില്‍ പിന്നീടാണ് കണ്ടെത്തിയത്. പൊന്‍കുന്നത്തു നിന്നും പാലായിലേക്ക് ഒരു മണിക്കൂറിനടുത്ത് യാത്ര ചെയ്യാനുണ്ട്. പഴവങ്ങാടി ക്ഷേത്രത്തിനു സമീപം വച്ച് 35 ലക്ഷം കൈമാറിയെന്ന മൊഴികളും കളവാണ്. ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ ഇവരാരും ആ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രധാന സാക്ഷി അമ്പിളിയുടെ നുണപരിശോധനാ ഫലം കാര്യമായി എടുക്കുന്നില്ലെന്നും ആരോപണം ഉന്നയിച്ച ബിജു രമേശിന്റെ ഡ്രൈവര്‍ ആയതിനാല്‍ ഇങ്ങനെ മൊഴി നല്‍കുമെന്നും വിജിലന്‍സ് വ്യക്തമാക്കി.

മാണി 25 ലക്ഷം വാങ്ങിയതിന് തെളിവുണ്ടെന്നായിരുന്നു എസ്.പി സുകേശന്‍ ആദ്യം നല്‍കിയ വസ്തുതാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ പര്യാപ്തമായ തെളിവുകളുണ്ടെന്ന ഈ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ അംഗീകരിച്ചില്ല. ഡയറക്ടറുടെ നിര്‍ദേശം അനുസരിച്ച് മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് വിജിലന്‍സ് കോടതി തള്ളുകയും വസ്തുതാ റിപ്പോര്‍ട്ട് അംഗീകരിച്ച് തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: