ജര്‍മ്മനിയിലെ നീന്തല്‍കുളങ്ങളില്‍ അഭയാര്‍ത്ഥികള്‍ക്ക് വിലക്ക്

ബോണ്‍ഹെയിം: ജര്‍മ്മന്‍ നഗരമായ ബോണ്‍ഹെയ്മിലെ നീന്തല്‍ കുളങ്ങളില്‍ അഭയാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കൊളോണില്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്കിടെ സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമമുള്‍പ്പെടെയുള്ള സംഘടിത ആക്രമണങ്ങള്‍ നടത്തിയവരില്‍ അഭയാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പ്രായപൂര്‍ത്തിയായ കുടിയേറ്റക്കാരായ പുരുഷന്‍മാര്‍ക്ക് നീന്തല്‍ കുളത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ബോണ്‍ഹെയിം ഡെപ്യൂട്ടി മേയര്‍ മാര്‍ക്കസ് ഷ്‌നാപ്ക അറിയിച്ചു.

ഡിസംബര്‍ 31 ന് കൊളോണില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന ലൈംഗിക അതിക്രമങ്ങള്‍ക്കു പിന്നില്‍ നോര്‍ത്ത് ആഫ്രിക്കയില്‍ നിന്നും വടക്കന്‍ അറബ് രാജ്യങ്ങളില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളാണെന്നാണ് സംശയിക്കുന്നത്. കൊളോണിലെ ആക്രമണങ്ങളില്‍ സംശയിക്കുന്ന 19 പേരില്‍ 14 പേര്‍ മൊറാക്കോയില്‍ നിന്നും അള്‍ജീരിയയില്‍ നിന്നും ജര്‍മ്മനിയിലെത്തിയവരാണ്. പത്തുപേര്‍ അഭയാര്‍ത്ഥികളാണ്. ഇതില്‍ ഒമ്പതുപേരും 2015 സെപ്റ്റംബറിനുശേഷം എത്തിയവരാണ്. കൊളോണിലും ജര്‍മ്മനിയിലും പുതുവത്സര ആഘോഷങ്ങള്‍ക്കിടെ നടന്ന ആക്രമണങ്ങളില്‍ 500 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 40 ശതമാനവും ലൈംഗിക അതിക്രമങ്ങളാണ്. രാജ്യത്ത് നടക്കുന്ന പല കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും അഭയാര്‍ത്ഥികളുണ്ടെന്ന തെളിവുകള്‍ പുറത്തുവരുന്നതോടെ അഭയാര്‍ത്ഥികളെ സ്വീകരിച്ച ചാന്‍സലര്‍ ആംഗെല മെര്‍ക്കലും പ്രതിസന്ധിയിലായിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: