ലാവലിനെതിരായ നടപടിയെടുക്കാന്‍ അനുമതി വേണമെന്നു ഹൈക്കോടതി

കൊച്ചി: എസ്എന്‍സി ലാവലിന്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനു തിരിച്ചടി. ലാവലിനെതിരെ നപടിയെടുക്കുന്നതിനു മുമ്പ് സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടണമെന്നു ഹൈക്കോടതി. കരിമ്പട്ടികയില്‍ പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ലാവലിന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. കരിമ്പട്ടികയില്‍ പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്‍കിയ നോട്ടീസില്‍ മറുപടി നല്‍കാന്‍ കമ്പനിക്കു നാലാഴ്ചകൂടി സമയം നല്‍കണം. കമ്പനി ആവശ്യപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ലാവലിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വാദംകേട്ട ശേഷമാണു കോടതി ഉത്തരവിട്ടത്.

കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള നടപടികള്‍ അവസാനഘട്ടത്തിലായതോടെയാണ് എസ്എന്‍സി ലാവലിന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണു കമ്പനിയുടെ വാദം. കരാറില്‍ സര്‍ക്കാരിനുനഷ്ടമുണ്ടാക്കിയെന്ന വാദം ശരിയല്ലെന്നും കമ്പനി വാദിക്കുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണു സര്‍ക്കാര്‍ നോട്ടീസ് അയച്ചിരിക്കുന്നതെന്നും അതിനാല്‍ ഇത് നിയമവിരുദ്ധമാണെന്നും കമ്പനി പറയുന്നു. സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്ന ആരോപണങ്ങള്‍ ദുര്‍ബലമാണ്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നതെന്നും ലാവലിന്‍ ഹര്‍ജിയില്‍ ഉന്നയിച്ചു.

ഇടുക്കിയിലെ പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം ജല വൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കാണു കനേഡിയന്‍ കമ്പനിയായ ലാവലിനുമായി സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയത്. കരാര്‍ ലാവലിന്‍ കമ്പനിക്കുനല്‍കുന്നതിനു പ്രത്യേക താത്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണു കേസ്.

-എജെ-

Share this news

Leave a Reply

%d bloggers like this: