കെ. ബാബുവിന് എതിരായ വിജിലന്‍സ് കോടതി ഉത്തരവിന് സ്‌റ്റേ ഇല്ല

 
കൊച്ചി: ബാബുവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ സര്‍ക്കാരിന് തിരിച്ചടി. തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കെ.ബാബുവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട തൃശൂര്‍ വിജിലന്‍സ് കോടതി നിര്‍ദേശത്തിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. വിജിലന്‍സ് കോടതി കേസില്‍ രാഷ്ട്രീയം കളിക്കുകയാണ്. ഇത് ഗൗരവത്തോടെ കാണണം. ഹൈക്കോടതി പരിഗണിക്കുന്ന കേസിലാണ് വിജിലന്‍സ് കോടതി ഇടപെട്ടത്. അതുകൊണ്ടു തന്നെ ബാബുവിനെതിരെ കേസെടുക്കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിധി സ്‌റ്റേ ചെയ്യണമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ചിനോട് ആവശ്യപ്പെട്ടത്.

അതേസമയം തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നടപടിയില്‍ പ്രാഥമികമായി അപാകതകള്‍ കാണുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി നേരിട്ട് ജഡ്ജിമാര്‍ക്ക് കൈമാറാനുളള എജിയുടെ ശ്രമം തടയുകയും ചെയ്തു. നേരായ വഴിക്ക് ഹര്‍ജി സമര്‍പ്പിക്കുവാന്‍ ജഡ്ജി എജിയോട് ആവശ്യപ്പെട്ടു. വിജിലന്‍സ് കോടതിയുടെ നിരീക്ഷണങ്ങള്‍ അന്വേഷണത്തെ സ്വാധീനിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: