ചാരപ്പണിക്ക് ഇന്ത്യന്‍ സൈനികരെ കണ്ടെത്താന്‍ ഐഎസ്‌ഐ ആവശ്യപ്പെട്ടിരുന്നതായി ഹെഡ്‌ലി

ന്യൂഡല്‍ഹി: താജ്ഹോട്ടലില്‍ നടന്ന പ്രതിരോധ ശാസ്ത്രജ്ഞരുടെ സമ്മേളനത്തെ ആക്രമിക്കാനും ലഷ്‌ക്കര്‍ പദ്ധതിയിട്ടിരുന്നതായി ഡേവിഡ് ഹെഡ്ലിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ സൈനികരെ ചാരപ്പണിക്ക് കിട്ടുമോയെന്ന് അന്വേഷിക്കാന്‍ ഐഎസ്ഐ തന്നോട് ആവശ്യപ്പെട്ടിരുന്നതായും ഹെഡ്ലി പറഞ്ഞു.മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ലഷ്‌ക്കര്‍ ഇ തയ്ബാ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ രണ്ടാം ദിവസവും മുംബൈ കോടതിയില്‍ നേരിടുന്ന വിചാരണയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യന്‍ സൈനികനീക്കങ്ങളുടെ വിവരം അറിയാന്‍ സൈനിക രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധം ഉണ്ടാക്കാനും മേജര്‍ ഇഖ്ബാല്‍ എന്നയാള്‍ ആവശ്യപ്പെട്ടു. പാക് സൈന്യത്തിലെ 6 ബലൂചി റജിമെന്റ് മേജര്‍ അബ്ദുള്‍ റഹ്മാന്‍ പാഷ എന്നയാളുമായി 2003 ല്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായും സൈന്യത്തില്‍ നിന്നും വിരമിച്ച ശേഷം ഇയാള്‍ ലഷ്‌ക്കര്‍ ഈ തയ്ബയില്‍ ചേര്‍ന്നതായും പറഞ്ഞു. ലഷ്‌കര്‍ തലവന്മാരായ ഹഫീസ് സയീദും സകി ഉര്‍ റഹ്മാന്‍ ലഖ്വിയുമാണ് മുംബൈ 26/11 ആക്രമണം ആസൂത്രണം ചെയ്തതെന്ന് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
ഇന്നലെ അഞ്ചു മണിക്കൂര്‍ നീണ്ട വിചാരണയില്‍ മുംബൈയില്‍ 166 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നിലുള്ള ഐഎസ്ഐ ബന്ധത്തെക്കുറിച്ച് ഹെഡ്ലി വെളിപ്പെടുത്തിയിരുന്നു. മേജര്‍ അലി, മേജര്‍ ഇഖ്ബാല്‍ എന്നിവര്‍ പിന്നീട് ഭീകര സംഘടനയുടെ നിര്‍ണ്ണായക സ്ഥാനം വഹിച്ച സജിദ് മിറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും പറഞ്ഞു. അമേരിക്കയില്‍ ലഷ്‌ക്കര്‍ നേരിടുന്ന നിരോധനത്തെ നിയമപരമായി നേരിടാന്‍ ഭീകരാക്രമണ തലവന്മാരായ ഹഫീസ് സയീദിനോടും സകി ഉര്‍ റഹ്മാന്‍ ലഖ്വിയോടും ഉപദേശിച്ചിരുന്നതായും ഹെഡ്‌ലി വെളിപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: