ഇനി കെഎസ്ആര്‍ടിസി മിനിമം യാത്രാനിരക്ക് ആറുരൂപ

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലെ മിനിമം ചാര്‍ജ് ഏഴു രൂപയില്‍നിന്ന് ആറു രൂപയാക്കി കുറച്ചു. ഓര്‍ഡിനറിയുടെ എല്ലാ ടിക്കറ്റുകളിലും ഒരു രൂപ വീതം കുറയും. മാര്‍ച്ച് ഒന്നുമുതല്‍ കുറഞ്ഞ യാത്രാനിരക്ക് പ്രബല്യത്തില്‍വരും.

പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറഞ്ഞതിനാലാണ് കെഎസ്ആര്‍ടിസി ബസുകളുടെ യാത്രാ നിരക്ക് കുറയ്ക്കുന്നതിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് അനുമതി നല്‍കിയത്. ഇന്ധന വിലക്കുറവ് ജനങ്ങള്‍ക്കു കൂടി ലഭ്യമാക്കുന്നതിനായാണ് എല്ലാ ഓര്‍ഡിനറി ബസുകളിലും ടിക്കറ്റിന് ഒരു രൂപ വീതം കുറയ്ക്കുന്നതിന് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടു പറഞ്ഞു.

ഇതേരീതിയില്‍ സ്വകാര്യ ബസുകളിലും കുറവ് വരുത്തണമെന്നാണു സര്‍ക്കാരിന്റെ തീരുമാനം. ഇക്കാര്യം ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്വകാര്യ ബസ് ഉടമകളുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യും.

ലോക മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വിലകുത്തനെ ഇടിഞ്ഞുവെങ്കിലും അതിന്റെ ഗുണം പൂര്‍ണമായും ജനങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. കിട്ടണം എന്നതാണ് സര്‍ക്കാരിന്റെ പൂര്‍ണമായ ആഗ്രഹം. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. കിട്ടിയ കുറവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. എന്നാല്‍ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് തുടങ്ങിയ മറ്റു സര്‍വീസുകളില്‍ നിലവിലെ ടിക്കറ്റ് നിരക്ക് തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശരാശരി 3,500 ബസുകളാണ് പ്രതിദിനം ഓര്‍ഡിനറി സര്‍വീസുകള്‍ നടത്തുന്നത്. ഒരു ദിവസം 22 ലക്ഷം യാത്രക്കാര്‍ക്ക് കുറഞ്ഞ ചാര്‍ജിന്റെ പ്രയോജനം ലഭിക്കുമെന്നാണു കണക്കാക്കുന്നതെന്നു ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. ഇതുവഴി കെഎസ്ആര്‍ടിസി ഒരു മാസം ആറു കോടി രൂപയുടെ ഇളവാണ് അനുവദിക്കുന്നത്. ഇതിലൂടെ പ്രതിവര്‍ഷം 72 കോടി രൂപയുടെ സൗജന്യം ജനങ്ങള്‍ക്ക് ലഭിക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: