സിയാച്ചിനില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കാനുള്ള പാക് നിര്‍ദേശം ഇന്ത്യ തള്ളി

 

ന്യൂഡല്‍ഹി: സിയാച്ചിന്‍ മേഖലയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാനുള്ള പാക് നിര്‍ദേശം ഇന്ത്യ തള്ളിക്കളഞ്ഞു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനില്‍ നിന്നും ഉഭയകക്ഷി സമ്മതപ്രകാരം സൈന്യത്തെ പിന്‍വലിക്കാമെന്നാണ് പാക്കിസ്ഥാന്‍ അറിയിച്ചത്. ശൈത്യകാലത്ത് മേഖലയില്‍ ഹിമപാതം മൂലം സൈനികരുടെ ജീവനു ഭീഷണിനേരിടേണ്ടിവരുന്നതിനാലാണ് പാക്കിസ്ഥാന്‍ ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ സൈന്യത്തെ പിന്‍വലിക്കില്ലെന്നും അതിര്‍ത്തി കാക്കാന്‍ സൈന്യം പ്രതിജ്ഞാബന്ധമാണെന്നും ലഫ്റ്റനന്റ് ജനറല്‍ ഡിഎസ് ഹുഡ പറഞ്ഞു.

പകല്‍ മൈനസ് 22ഉം രാത്രി മൈനസ് 45നും 50നും ഇടയിലാണ് സിയാച്ചിനിലെ താപനില. മനുഷ്യവാസം സാധ്യമല്ലാത്ത ഇവിടെയാണ് ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തി കാക്കുന്നത്. 1984ല്‍ പാക്കിസ്ഥാന്‍ പട്ടാളം പിടിച്ചെടുത്ത സിയാച്ചിന്‍ ഒരാഴ്ച നീണ്ട പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ സേന തിരിച്ചുപിടിക്കുകയായിരുന്നു. ഇതിനു ശേഷമാണ് ഇന്ത്യ ഇവിടെ സ്ഥിരമായി സൈനിക ക്യാമ്പ് സ്ഥാപിച്ചത്.

ഒരു ദിവസം ഒരു കോടിയിലേറെ രൂപ ചെലവിട്ടാണ് ഇന്ത്യ ഇവിടെ സൈനികരെ വിന്യസിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹെലിപ്പാഡും ഇവിടെയാണ്. കടുത്ത രക്തസമ്മര്‍ദത്തെയും ശ്വാസതടസത്തെയും അതിജീവിച്ചു വേണം സൈനികര്‍ക്ക് ഇവിടെ കഴിയാന്‍. ബേസ് ക്യാമ്പില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയാണു സേനാ ക്യാമ്പ്. കഠിനപരിശീലനത്തിനു ശേഷം മൂന്നുമാസത്തേക്കാണ് ഇവിടേക്കു സൈനിക സംഘത്തെ നിയോഗിക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയിലും ഹിമപാളികളുടെ വിള്ളലുകളിലും അകപ്പെട്ട നിരവധി സൈനികരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനാവാതെ ഇപ്പോഴും ഇവിടെയുണ്ട്. 18 വര്‍ഷങ്ങള്‍ക്കു ശേഷം മൃതദേഹങ്ങള്‍ കണ്ടെടുത്ത സംഭവവും ഉണ്ടായിട്ടുണ്ട്.

19,600 അടി ഉയരത്തിലുള്ള സിയാച്ചിനില്‍ ഇന്ത്യക്ക് മൂന്നു പതിറ്റാണ്ടുകൊണ്ട് നഷ്ടമായത് 800 ലേറെ സൈനികരെയാണ്. ആരും വെടിവയ്പിലോ യുദ്ധത്തിലോ അല്ല മരിച്ചത്. പ്രതികൂല കാലാവസ്ഥയും ഹിമപാതങ്ങളുമാണ് മരണത്തിന് കാരണമായത്. 110 കിലോമീറ്റര്‍ നീളമുള്ള സിയാച്ചിന്‍ മഞ്ഞുമലയില്‍ പാക്കിസ്ഥാനും വലിയ ആള്‍നാശം ഉണ്ടായിട്ടുണ്ട്. 2012 ഏപ്രിലില്‍ സിയാച്ചിനിലെ ഗയാരിയില്‍ ഹിമപാതമുണ്ടായി 11 പൗരന്മാരും 129 സൈനികരുമാണ് കൊല്ലപ്പെട്ടത്.
-എജെ-

Share this news

Leave a Reply

%d bloggers like this: