ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയെന്ന് ഹെഡ്‌ലി

മുംബൈ: അതീവ സുരക്ഷിത മേഖലയായ മുംബൈയിലെ ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നുവെന്ന് ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. മുംബൈയിലെ പ്രത്യേക കോടതി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ രേഖപ്പെടുത്തിയ മൊഴിയിലാണ് ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍. അറ്റോമിക് സെന്ററിലെ ഉദ്യോഗസ്ഥരില്‍ നിന്നും ചാരന്മാരെ കണ്ടെത്തണമെന്നും പാക് ചാര സംഘടനയായ ഐഎസ്‌ഐ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും ഹെഡ്‌ലി അറിയിച്ചു.

ഗേറ്റ് വേ ഓഫ് ഇന്ത്യ, മുംബൈ വിമാനത്താവളം, സിദ്ധിവിനായക ക്ഷേത്രം, ജൂത കേന്ദ്രമായ നരിമാന്‍ ഹൗസ് തുടങ്ങിയിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നും ഹെഡ്‌ലി മൊഴി നല്‍കി. 2008 ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെയുള്ള മുംബൈ സന്ദര്‍ശനത്തിനു ശേഷം താന്‍ പാക്കിസ്ഥാനിലേക്ക് മടങ്ങിയെന്നും സാജിദ് മിര്‍, മേജര്‍ ഇക്ബാല്‍ എന്നിവരെ കണ്ടുവെന്നും ഹെഡ്‌ലി വെളിപ്പെടുത്തി. മുംബൈ വിമാനത്താവളം ആക്രമിക്കാനുള്ള തീരുമാനം മാറ്റിയതില്‍ മേജര്‍ ഇക്ബാലിനു എതിര്‍പ്പുണ്ടായിരുന്നു.

ഏപ്രില്‍ 15 മുതല്‍ ജൂണ്‍ 30 വരെ പാക്കിസ്ഥാനിലുണ്ടായിരുന്നുവെന്നും ഇതിനിടെയില്‍ ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ എന്നിവടങ്ങളില്‍ പോയിരുന്നുവെന്നും ഹെഡ്‌ലി പറഞ്ഞു. തഹാവൂര്‍ റാണയുമായി ടെലിഫോണില്‍ മുംബൈ സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ നല്‍കി. സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിച്ചതിനു ശേഷം കൈയില്‍ അണിയാനുള്ള 15-20 ബാന്‍ഡുകള്‍ വാങ്ങി. ഇവ ഭീകരരുടെ ആള്‍മാറാട്ടത്തിനു ഉപയോഗിച്ചുവെന്നും ഹെഡ്‌ലി മൊഴി നല്‍കി. ജൂണ്‍ ഒന്നു മുതല്‍ 30 വരെയുള്ള സമയങ്ങളില്‍ സാജിദ് മിര്‍, അബു ഖഫാ, അബ്ദുര്‍ റഹ്മാന്‍ പാഷാ, മേജര്‍ ഇക്ബാല്‍, സാഖി-ഉര്‍-റഹ്മാന്‍ ലഖ്‌വി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്നും ഹെഡ്‌ലി വെളിപ്പെടുത്തി.
-എജെ-

Share this news

Leave a Reply

%d bloggers like this: