അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട പ്രതി അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരേ കേസെടുത്തു. ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റവും ക്രിമിനല്‍ ഗൂഡാലോചന കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഡെല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധ സംഗമം നടത്തിയത്. അഫ്‌സല്‍ ഗുരുവിന്റെയും മഖ്ബൂല്‍ ഭട്ടിന്റെയും വധശിക്ഷ ജുഡീഷ്യല്‍ കൊലപാതകങ്ങളാണെന്ന് ആരോപിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നത്. ചരമവാര്‍ഷിക ദിനത്തില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്. പ്രതിഷേധ സ്ഥലത്ത് നിന്നെടുത്ത വീഡിയോ ദൃശ്യങ്ങള്‍ ആധാരമാക്കിയാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്. വസന്ത് കുഞ്ച് സ്‌റ്റേഷനിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യ വിരുദ്ധ മുദ്രാവാക്യമുയര്‍ത്തുന്നവരെയും രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്നവരെയും വെറുതെ വിടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. എ.ബി.വി.പിയും കിഴക്കന്‍ ദല്‍ഹിയിലെ ബി.ജെ.പി എം.പി മഹേഷ് ഗിരിയുമാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതി നല്‍കിയിരുന്നത്.

അതേസമയം വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കുകയും സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റിനെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിക്കെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. എന്താണ് ജെഎന്‍യുവില്‍ സംഭവിക്കുന്നത്. പൊലീസുകാര്‍ ക്യാമ്പസില്‍ കയറുകയും ഹോസ്റ്റലുകളില്‍ നിന്ന് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. അടിയന്തരകാലാവസ്ഥക്കാലത്ത് മാത്രമാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളതെന്നും യെച്ചൂരി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.
-എജെ-

Share this news

Leave a Reply

%d bloggers like this: