സ്മാര്‍ട്ട് സിറ്റി രാജ്യത്തിന് സമര്‍പ്പിച്ചു

 

കൊച്ചി: കേരളത്തിന്റെ ഐടി മേഖലയിലെ കുതിപ്പിന് ആക്കം കൂട്ടിക്കൊണ്ട് മലയാളികളുടെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട് സിറ്റി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യുഎഇ മന്ത്രിയും ദുബായ് ഹോള്‍ഡിംഗ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി, ദുബായ് ഹോള്‍ഡിംഗ് വൈസ് ചെയര്‍മാനും എംഡിയുമായ അഹമ്മദ് ബിന്‍ ബ്യാത്, കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, വ്യവസായ, ഐടി വകുപ്പ് മന്ത്രിയും കൊച്ചി സ്മാര്‍ട്‌സിറ്റി ചെയര്‍മാനുമായ പി.കെ. കുഞ്ഞാലിക്കുട്ടി, സ്മാര്‍ട്‌സിറ്റി ഡയറക്ടര്‍ ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവ് എം.എ. യൂസഫലി, ജാബിര്‍ ബിന്‍ ഹാഫിസ്, സ്മാര്‍ട് സിറ്റി സിഇഒ ബാജു ജോര്‍ജ്, എന്നിവര്‍ സംയുക്തമായാണ് പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സ്മാര്‍ട് സിറ്റിയുടെ രണ്ടാംഘട്ടം നിര്‍മാണോദ്ഘാടനവും ചടങ്ങില്‍ നടന്നു.

ആറര ലക്ഷം ചതുരശ്ര അടി ഐടി ടവര്‍ ഉള്‍പ്പെടുന്ന ആദ്യഘട്ടമാണ് രാജ്യത്തിനു സമര്‍പ്പിച്ചത്. മൂന്നു ഘട്ടങ്ങളായി നിര്‍മാണം നടത്തുന്ന പദ്ധതി 2020 ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ ഐടി ടവറിലെ സ്ഥലത്തിന്റെ മുക്കാല്‍ പങ്കും നിലവില്‍ 27 ഐടി കമ്പനികള്‍ പാട്ടത്തിനെടുത്തിട്ടുണ്ട്. ഈ കമ്പനികളുടെ പേരുവിവരങ്ങള്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു. അടുത്ത മൂന്നു നാലു മാസങ്ങള്‍ക്കകം കമ്പനികള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ അയ്യായിരത്തിലേറെ പേര്‍ക്ക് ജോലി ലഭിക്കും.
ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി, ഐബിഎസ് ചെയര്‍മാന്‍ വി.കെ. മാത്യൂസ്, കൊച്ചിന്‍ സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ ഡെവലപ്‌മെന്റ് കമ്മിഷണര്‍ എ.എന്‍. സഫീന, മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Share this news

Leave a Reply

%d bloggers like this: